3
രാഷ്ട്രങ്ങളെ ന്യായംവിധിക്കുന്നു
“ആ ദിവസങ്ങളിൽ, ഞാൻ യെഹൂദയുടെയും ജെറുശലേമിന്റെയും
ഭാവി യഥാസ്ഥാനപ്പെടുത്തുന്ന സമയത്ത്,
ഞാൻ സകലജനതകളെയും ഒരുമിച്ചുകൂട്ടി
യെഹോശാഫാത്ത്* താഴ്വരയിൽ കൊണ്ടുവരും.
ഞാൻ എന്റെ അവകാശമായ ഇസ്രായേൽ എന്ന എന്റെ ജനത്തെക്കുറിച്ച്,
അവർക്കെതിരേ ന്യായംവിധിക്കും.
അവർ രാഷ്ട്രങ്ങൾക്കിടയിലേക്ക് എന്റെ ജനത്തെ ചിതറിച്ചുകളകയും
എന്റെ ദേശത്തെ വിഭജിക്കുകയും ചെയ്തല്ലോ.
അവർ എന്റെ ജനത്തിനു നറുക്കിട്ടു;
വേശ്യകൾക്കുവേണ്ടി ബാലന്മാരെയും
മദ്യം കഴിക്കേണ്ടതിന്, വീഞ്ഞിനുവേണ്ടി അവർ ബാലികമാരെയും വിറ്റു.
“സോരും സീദോനും ഉൾപ്പെടെ ഫെലിസ്ത്യദേശത്തിലെ സകലജനങ്ങളുമേ, എനിക്കെതിരേ നിങ്ങൾക്ക് എന്താണുള്ളത്? ഞാൻ ചെയ്ത ഏതെങ്കിലും പ്രവൃത്തിക്കു നിങ്ങൾ പകരംചെയ്യുകയാണോ? നിങ്ങൾ പകരം ചെയ്യുന്നെങ്കിൽ, നിങ്ങളുടെ പ്രവൃത്തിയെ എത്രയുംവേഗം നിങ്ങളുടെ തലമേൽത്തന്നെ ഞാൻ മടക്കിവരുത്തും. നിങ്ങൾ എന്റെ വെള്ളിയും സ്വർണവും എടുത്തു, എന്റെ വിശിഷ്ടനിക്ഷേപങ്ങളെ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കുകൊണ്ടുപോയി. യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെ സ്വന്തം ദേശത്തുനിന്ന് അകലെ അയച്ചുകളയേണ്ടതിനു, നിങ്ങൾ അവരെ ഗ്രീക്കുകാർക്കു വിറ്റു.
“നോക്കുക, നിങ്ങൾ അവരെ വിറ്റുകളഞ്ഞ സ്ഥാനങ്ങളിൽ ഞാൻ അവരെ ഉത്തേജിപ്പിക്കും; നിങ്ങൾ ചെയ്തതിനെ നിങ്ങളുടെ തലമേൽ തിരികെവരുത്തും. ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദാജനത്തിനു നൽകും. അവർ അവരെ വിദൂരത്തിലുള്ള ശെബായർക്കു വിറ്റുകളയും,” എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.
ഇതു രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്യുക:
യുദ്ധത്തിനു സജ്ജമാകുക!
യുദ്ധവീരന്മാരെ ഉത്തേജിപ്പിക്കുക!
യുദ്ധവീരന്മാർ അടുത്തുവന്ന് ആക്രമിക്കട്ടെ.
10 കലപ്പയുടെ കൊഴുക്കളെ വാളുകളായും
വാക്കത്തികളെ കുന്തങ്ങളായും അടിക്കുക.
“ഞാൻ ശക്തനാണ്,”
എന്ന് അശക്തർ പറയട്ടെ.
11 സകലജനതകളുമേ, എല്ലാ ഭാഗങ്ങളിൽനിന്നും വേഗം വരിക:
ആ താഴ്വരയിൽ ഒരുമിച്ചുകൂടുവിൻ.
 
യഹോവേ, അങ്ങയുടെ യുദ്ധവീരന്മാരെ കൊണ്ടുവരണമേ!
 
12 “ജനതകൾ ഉണരട്ടെ;
അവർ യെഹോശാഫാത്ത് താഴ്വരയിൽ അണിനിരക്കട്ടെ.
കാരണം അവിടെ എല്ലാ ദിക്കുകളിലുമുള്ള സകലജനതകളെയും ന്യായംവിധിക്കാൻ
ഞാൻ ഉപവിഷ്ടനാകും.
13 അരിവാൾ വീശുക
വിളവു പാകമായിരിക്കുന്നു.
വരിക, മുന്തിരി മെതിക്കുക
ചക്കു നിറഞ്ഞുകവിഞ്ഞിരിക്കുന്നു,
വീഞ്ഞുശേഖരം നിറഞ്ഞുകവിയുന്നു—
അവരുടെ ദുഷ്ടത അത്ര വലുതായിരിക്കുന്നു.”
 
14 വിധിയുടെ താഴ്വരയിൽ
ജനക്കൂട്ടം, വലിയൊരു ജനക്കൂട്ടംതന്നെ കാത്തുനിൽക്കുന്നു!
വിധിയുടെ താഴ്വരയിൽ
യഹോവയുടെ ദിവസം സമീപമായിരിക്കുന്നു.
15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും,
നക്ഷത്രങ്ങൾ ഇനി പ്രകാശിക്കുകയില്ല.
16 യഹോവ സീയോനിൽനിന്ന് ഗർജിക്കും
ജെറുശലേമിൽനിന്ന് ഇടിമുഴക്കും;
ഭൂമിയും ആകാശവും വിറയ്ക്കും.
എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു സങ്കേതവും
ഇസ്രായേലിന് ഒരു കോട്ടയുമായിരിക്കും.
ദൈവജനത്തിനുള്ള അനുഗ്രഹങ്ങൾ
17 “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ,
എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു എന്നു നിങ്ങൾ അറിയും.
ജെറുശലേം വിശുദ്ധമായിരിക്കും;
വിദേശസൈന്യം ഇനിയൊരിക്കലും അവളെ ആക്രമിക്കുകയില്ല.
 
18 “ആ ദിവസം പർവതങ്ങൾ പുതുവീഞ്ഞു വർഷിക്കും,
കുന്നുകൾ പാൽ ഒഴുക്കും;
യെഹൂദാതാഴ്വരകളിലെ അരുവികളിലെല്ലാം വെള്ളം ഒഴുകും.
യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പ്രവഹിച്ച്
ശിത്തീം താഴ്വരകളെ നനയ്ക്കും.
19 ഈജിപ്റ്റ് ശൂന്യമാകും,
ഏദോം മരുഭൂമിയാകും,
അവർ യെഹൂദാജനത്തോടു ചെയ്ത അക്രമം നിമിത്തവും
ദേശത്തു നിഷ്കളങ്കരക്തം ചിന്തിയതു നിമിത്തവുംതന്നെ.
20 യെഹൂദ്യയിൽ എന്നേക്കും ആൾപ്പാർപ്പുണ്ടാകും
എല്ലാ തലമുറകളിലും ജെറുശലേമിൽ ആളുകൾ പാർക്കും.
21 അവരുടെ നിഷ്കളങ്കരക്തത്തിനുള്ള ഞാൻ പ്രതികാരംചെയ്യാതെ വിടുമോ?
ഇല്ല, ഒരിക്കലുമില്ല.”
 
യഹോവ സീയോനിൽ വസിക്കും!
* 3:2 യഹോവ ന്യായംവിധിക്കുന്നു എന്നർഥം. 3:5 അഥവാ, സ്ഥലങ്ങൾ