യോവേലിന്റെ പ്രവചനം
1
1 പെഥൂവേലിന്റെ മകനായ യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്:
വെട്ടുക്കിളിയുടെ ആക്രമണം
2 ഇസ്രായേൽ ഗോത്രത്തലവന്മാരേ, ഇതു കേൾപ്പിൻ;
സകലദേശവാസികളുമേ, ശ്രദ്ധിക്കുക.
നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ
ഇതുപോലൊരു കാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ?
3 ഇതു നിങ്ങളുടെ മക്കളോടു പറയുക,
നിങ്ങളുടെ മക്കൾ അത് അവരുടെ മക്കളോടും
അവരുടെ മക്കൾ അടുത്ത തലമുറയോടും പറയണം.
4 തുള്ളൻ തിന്നു ശേഷിപ്പിച്ചതു
വെട്ടുക്കിളി തിന്നു;
വെട്ടുക്കിളി ശേഷിപ്പിച്ചതു
വിട്ടിൽ തിന്നു;
വിട്ടിൽ ശേഷിപ്പിച്ചതു
പച്ചപ്പുഴു തിന്നു.
5 മദ്യപിക്കുന്നവരേ, ഉണർന്നു കരയുവിൻ!
വീഞ്ഞു കുടിക്കുന്നവരേ, വിലപിക്കുക;
പുതുവീഞ്ഞു നിങ്ങളുടെ ചുണ്ടുകളിൽനിന്ന്
മാറ്റപ്പെട്ടിരിക്കുന്നതിനാൽ വിലപിക്കുക.
6 ശക്തിയേറിയതും അസംഖ്യവുമായ ഒരു ജനത
എന്റെ ദേശത്തെ ആക്രമിച്ചിരിക്കുന്നു;
അതിനു സിംഹത്തിന്റെ പല്ലും
സിംഹിയുടെ അണപ്പല്ലുകളും ഉണ്ട്.
7 അത് എന്റെ മുന്തിരിവള്ളിയെ നശിപ്പിച്ചു
എന്റെ അത്തിവൃക്ഷങ്ങളെ തകർത്തു;
അതിന്റെ കൊമ്പുകളെ തോലുരിച്ച്
എറിഞ്ഞുകളഞ്ഞു,
ശാഖകളെ വെളുപ്പിച്ചിരിക്കുന്നു.
8 തന്റെ യൗവനത്തിലെ ഭർത്താവിനെക്കുറിച്ചു വ്യസനിക്കുന്ന
കന്യകയെപ്പോലെ ചാക്കുശീലയുടുത്തു വിലപിക്കുക.
9 ഭോജനയാഗങ്ങളും പാനീയയാഗങ്ങളും
യഹോവയുടെ ആലയത്തിൽ തീർന്നുപോയിരിക്കുന്നു.
യഹോവയുടെമുമ്പിൽ ശുശ്രൂഷിക്കുന്ന
പുരോഹിതന്മാർ വിലപിക്കുന്നു.
10 വയലുകൾ നശിച്ചിരിക്കുന്നു,
നിലങ്ങൾ ഉണങ്ങിയിരിക്കുന്നു;
ധാന്യം നശിച്ചുപോയി,
പുതുവീഞ്ഞു വറ്റിപ്പോയി,
ഒലിവെണ്ണ ഇല്ലാതായി.
11 കൃഷിക്കാരേ, ലജ്ജിക്കുക,
മുന്തിരിക്കർഷകരേ, വിലപിക്കുക;
ഗോതമ്പിനെയും യവത്തെയും ഓർത്ത് ദുഃഖിക്കുക,
നിലത്തിലെ വിളവു നശിച്ചുപോയല്ലോ.
12 മുന്തിരിവള്ളി വാടി,
അത്തിവൃക്ഷം ഉണങ്ങിപ്പോയി;
മാതളവും ഈന്തപ്പനയും ആപ്പിൾമരവും—
നിലത്തിലെ സകലവൃക്ഷങ്ങളും—ഉണങ്ങിപ്പോയിരിക്കുന്നു.
മനുഷ്യന്റെ സന്തോഷം
ഉണങ്ങിപ്പോയിരിക്കുന്നു.
അനുതാപത്തിനുള്ള ആഹ്വാനം
13 പുരോഹിതന്മാരേ, ചാക്കുശീലയുടുത്തു വിലപിക്കുക;
യാഗപീഠത്തിനുമുമ്പിൽ ശുശ്രൂഷിക്കുന്നവരേ, കരയുവിൻ.
എന്റെ ദൈവത്തിന്റെ മുമ്പിൽ ശുശ്രൂഷിക്കുന്നവരേ,
വരിക, ചാക്കുശീലയുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ;
കാരണം നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ
ഭോജനയാഗവും പാനീയയാഗവും ഇല്ലാതായിരിക്കുന്നു.
14 ഒരു വിശുദ്ധ ഉപവാസം വിളംബരംചെയ്യുക;
വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക.
ഗോത്രത്തലവന്മാരെയും സകലദേശവാസികളെയും
നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ
കൂട്ടിവരുത്തുക,
യഹോവയോടു നിലവിളിക്കുക.
15 ആ ദിവസം ഹാ കഷ്ടം!
യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു;
സർവശക്തനിൽനിന്ന് നാശംപോലെ ആ ദിവസം വരും.
16 നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും
നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന്
ആനന്ദവും ആഹ്ലാദവും
അറ്റുപോയല്ലോ?
17 വിത്തുകൾ വരണ്ടനിലത്ത്
ഉണങ്ങിച്ചുക്കിച്ചുളിയുന്നു.
കളപ്പുരകൾ ശൂന്യമായിരിക്കുന്നു.
ധാന്യം ഉണങ്ങിപ്പോയതുകൊണ്ടു
ധാന്യപ്പുരകൾ തകർക്കപ്പെട്ടിരിക്കുന്നു.
18 കന്നുകാലികൾ നിലവിളിക്കുന്നു!
ആട്ടിൻപറ്റം തളർന്നുപോകുന്നു.
മേച്ചിൽപ്പുറങ്ങൾ ഇല്ലായ്കയാൽ
ചെമ്മരിയാട്ടിൻകൂട്ടങ്ങൾ വലയുന്നു.
19 യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു,
കാരണം തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു,
നിലത്തെ സകലവൃക്ഷങ്ങളെയും ജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു.
20 കാട്ടുമൃഗങ്ങളും അങ്ങേക്കായി കിതയ്ക്കുന്നു;
നീരരുവികൾ വറ്റിപ്പോയി
തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു.