58
ദൈവത്തിനു പ്രസാദകരമായ ഉപവാസം 
 
   
 
1 ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്;  
കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി,  
എന്റെ ജനത്തിന് അവരുടെ ലംഘനത്തെയും  
യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക.   
2 എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച്  
എന്റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു;  
നീതി പ്രവർത്തിക്കുകയും  
അവരുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെ  
അവർ നീതിയുള്ള വിധികളെ എന്നോട് ചോദിച്ചു  
ദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു.   
3 “ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്?  
ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?”  
“ഇതാ, നിങ്ങൾ നോമ്പു നോല്ക്കുന്ന ദിവസത്തിൽ തന്നെ  
നിങ്ങളുടെ കാര്യാദികളെ നോക്കുകയും  
നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട്  
അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു.   
4 നിങ്ങൾ വിവാദത്തിനും കലഹത്തിനും  
ക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു;  
നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾക്കുവാൻ  
തക്കവിധമല്ല നിങ്ങൾ ഇന്ന് നോമ്പു നോല്ക്കുന്നത്.   
5 എനിക്ക് ഇഷ്ടമുള്ള നോമ്പും  
മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ?  
തലയെ വേഴത്തെപ്പോലെ കുനിയിക്കുക,  
ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക,  
ഇതാകുന്നുവോ ഉപവാസം?  
ഇതിനോ നീ നോമ്പെന്നും  
യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്?   
   
 
6 അന്യായബന്ധനങ്ങളെ അഴിക്കുക;  
നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക;  
പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക;  
എല്ലാ നുകത്തെയും തകർക്കുക;  
ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം?   
7 വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും  
അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും  
നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും  
നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു  
നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ?   
8 അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും;  
നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും;  
നിന്റെ നീതി നിനക്കു മുമ്പായി നടക്കും;  
യഹോവയുടെ മഹത്ത്വം നിന്റെ പിൻപട ആയിരിക്കും.   
9 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും;  
നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്നു അവിടുന്ന് അരുളിച്ചെയ്യും;  
   
 
നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും  
നീ നിന്റെ നടുവിൽനിന്നു നീക്കിക്കളയുകയും   
10 വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും  
കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തി വരുത്തുകയും ചെയ്യുമെങ്കിൽ  
നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും;  
നിന്റെ അന്ധകാരം നട്ടുച്ചപോലെയാകും.   
11 യഹോവ നിന്നെ എല്ലായ്പ്പോഴും നടത്തുകയും  
വരണ്ടനിലത്തിലും നിന്റെ വിശപ്പ് അടക്കി,  
നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും;  
നീ നനവുള്ള തോട്ടംപോലെയും  
വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.   
12 നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും;  
തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും;  
കേടുതീർക്കുന്നവനെന്നും പാർക്കുവാൻ തക്കവിധം  
പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും  
നിനക്കു പേര് പറയും.   
   
 
13 നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ  
ശബ്ബത്തിൽ നിന്റെ കാൽ അടക്കിവച്ചു,  
ശബ്ബത്തിനെ ഒരു സന്തോഷം എന്നും  
യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുകയും  
നിന്റെ വേലയ്ക്കു പോവുകയോ  
നിന്റെ കാര്യാദികളെ നോക്കുകയോ  
വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതെ  
അതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കിൽ,  
നീ യഹോവയിൽ പ്രമോദിക്കും;   
14 ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറി ഓടുമാറാക്കുകയും  
നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്യും”  
യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.