3
നന്മ ചെയ്യുക
1 ഭരണാധികാരികൾക്കും മേധാവികൾക്കും വിധേയരും അനുസരണശീലമുള്ളവരുമായി നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കാണിക്കാൻ വിശ്വാസികളെ നീ ഓർമിപ്പിക്കുക.
2 ആരെക്കുറിച്ചും അപവാദം പറയാതെയും തർക്കങ്ങൾ ഒഴിവാക്കിയും സൗമ്യശീലരായി എല്ലാവരോടും വിനയത്തോടെ പെരുമാറുവാനും നീ ഓർമിപ്പിക്കുക.
3 കാരണം, നാമും ഒരുകാലത്ത് അജ്ഞരും അനുസരണകെട്ടവരും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും പലതരം പാപമോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമകളും വെറുപ്പിലും അസൂയയിലും ജീവിച്ചവരും പരസ്പരം ഏറ്റവും വെറുക്കുന്നവരും ആയിരുന്നു.
4 എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ,
5 നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു.
6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്.
7 യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്.
8 ഇത് വിശ്വാസയോഗ്യമായ വചനമാണ്. ദൈവത്തിൽ വിശ്വസിച്ചവർ ഊർജസ്വലതയോടെ സൽപ്രവൃത്തികളിൽ വ്യാപൃതരാകാനായി ഇക്കാര്യങ്ങൾക്കെല്ലാം നീ പ്രാധാന്യം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് നല്ലതും മനുഷ്യർക്കെല്ലാം ഉപകാരപ്രദവുമാണ്.
9 നേരേമറിച്ച്, അർഥശൂന്യമായ തർക്കങ്ങൾ, കുടുംബശ്രേഷ്ഠതയെപ്പറ്റിയുള്ള സംസാരം, ലഹളകൾ, ന്യായപ്രമാണസംബന്ധമായ തർക്കവിതർക്കങ്ങൾ എന്നിവയിൽനിന്നു പിന്മാറുക. ഇവ വ്യർഥവും നിഷ്ഫലവുമാണ്.
10 അന്തഃഛിദ്രം ഉണ്ടാക്കുന്ന വ്യക്തിയെ ഒന്നുരണ്ടുതവണ ഗുണദോഷിച്ചശേഷം ഒഴിവാക്കുക.
11 വഴിതെറ്റിക്കുന്നവനും പാപത്തിൽ ആണ്ടുപോയവനും എന്ന് അയാൾ സ്വയം വിധിച്ചിരിക്കുന്നതായി നിനക്കറിയാമല്ലോ.
സമാപനവാക്കുകൾ
12 ഞാൻ അർത്തേമാസിനെയോ തിഹിക്കൊസിനെയോ നിന്റെ അടുത്തേക്കയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നെ കാണാൻ പരമാവധി പരിശ്രമിക്കുക. ശീതകാലത്ത് അവിടെ താമസിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു,
13 നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലോസിനെയും ഒരു കുറവുംകൂടാതെ ഉത്സാഹത്തോടെ നീ യാത്രയാക്കുക.
14 നമ്മുടെ ജനങ്ങൾ സൽപ്രവൃത്തികളിൽ വ്യാപൃതരായി അത്യാവശ്യക്കാരെ സഹായിക്കാൻ പഠിക്കട്ടെ. അപ്പോൾ അവർ പ്രയോജനമില്ലാത്തവർ ആകുകയില്ല.
15 എന്നോടുകൂടെയുള്ളവരുടെ അഭിവാദനം അറിയിക്കുന്നു.
വിശ്വാസത്തിൽ ഞങ്ങളെ സ്നേഹിക്കുന്നവരെ ഞങ്ങളുടെ അഭിവാദനം അറിയിക്കുക.
നിങ്ങൾക്കെല്ലാവർക്കും കൃപ ഉണ്ടാകുമാറാകട്ടെ.