*
സങ്കീർത്തനം 9
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;
അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.
ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;
അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.
 
എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു;
അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു.
കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു,
അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു.
അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു;
അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു.
അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു,
അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു;
അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു.
 
യഹോവ എന്നേക്കും വാഴുന്നു;
അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും;
ജനതകളെ നേരോടെ ന്യായപാലനംചെയ്യും.
യഹോവ പീഡിതർക്കൊരു അഭയസ്ഥാനം,
ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട.
10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,
യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.
 
11 സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക;
അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക.
12 കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു;
അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല.
 
13 യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ!
എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ,
14 സീയോൻപുത്രിയുടെ കവാടത്തിൽ
ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും;
ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും.
 
15 രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു;
അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു.
16 യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു;
ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം.
സേലാ.
17 ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു,
ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ.
18 എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല;
പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല.
 
19 യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ;
ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ.
20 യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ,
തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ.
സേലാ.
* സങ്കീർത്തനം 9: 9,10 സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു. ഓരോ കാവ്യഭാഗത്തിന്റെയും ആദ്യാക്ഷരങ്ങൾ എബ്രായ ഭാഷയുടെ അക്ഷരമാലാക്രമത്തിൽ ക്രമീകരിക്കുന്ന രീതി ഈ സങ്കീർത്തനങ്ങളിൽ കാണുന്നു. സങ്കീർത്തനം 9:16 ഈ വാക്കിന്റെ അർഥം വ്യക്തമല്ല.