സങ്കീർത്തനം 46
അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.
1 ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു,
കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
2 അതുകൊണ്ട് ഭൂമി വഴുതിമാറിയാലും
പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും
3 അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും
അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല.
സേലാ.
4 ഒരു നദിയുണ്ട്; അതിന്റെ അരുവികൾ ദൈവനഗരത്തെ ആനന്ദഭരിതമാക്കുന്നു,
അത്യുന്നതന്റെ നിവാസസ്ഥാനമായ വിശുദ്ധ സ്ഥലത്തെത്തന്നെ.
5 ദൈവം ആ നഗരത്തിലുണ്ട്, അതിന് ഇളക്കംതട്ടുകയില്ല;
പുലർകാലംമുതൽതന്നെ ദൈവം അതിനെ സംരക്ഷിക്കും.
6 രാഷ്ട്രങ്ങൾ ഇളകിമറിയുന്നു, രാജ്യങ്ങൾ നിലംപൊത്തുന്നു;
അവിടന്നു തന്റെ ശബ്ദമുയർത്തുന്നു, ഭൂമി ഉരുകിയൊലിക്കുന്നു.
7 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു.
സേലാ.
8 വരിക, യഹോവയുടെ പ്രവൃത്തികളെ കാണുക,
അവിടന്ന് ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു.
9 അവിടന്ന് ഭൂസീമകളിൽ
യുദ്ധത്തിനു വിരാമംകുറിച്ചിരിക്കുന്നു.
അവിടന്ന് വില്ല് ഒരുക്കുകയും കുന്തത്തെ ചിതറിക്കുകയും;
രഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു.
10 “ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക;
ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും
ഞാൻ ഭൂമിയിൽ ഉന്നതനാകും.”
11 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു.
സേലാ.
സംഗീതസംവിധായകന്.