21
യേശു ഏഴു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു
അതിനുശേഷം തിബെര്യാസ് തടാകത്തിന്റെ* തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷനായി. അത് ഇപ്രകാരം ആയിരുന്നു: ശിമോൻ പത്രോസും ദിദിമൊസ് എന്നു പേരുള്ള തോമസും ഗലീലയിലെ കാനായിൽനിന്നുള്ള നഥനയേലും സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും വേറെ രണ്ട് ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. “ഞാൻ മീൻപിടിക്കാൻ പോകുന്നു,” ശിമോൻ പത്രോസ് പറഞ്ഞു. “ഞങ്ങളും പോരുന്നു,” എന്ന് കൂടെയുള്ളവരും പറഞ്ഞു. അങ്ങനെ അവർ, വള്ളത്തിൽ കയറി അവിടെനിന്നു പുറപ്പെട്ടു. എന്നാൽ ആ രാത്രിയിൽ അവർ ഒന്നും പിടിച്ചില്ല.
ഉഷസ്സായപ്പോൾ, യേശു തടാകതീരത്ത് നിന്നു. അത് യേശുവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞില്ല.
യേശു അവരോട്, “കുഞ്ഞുങ്ങളേ, മീനൊന്നുമില്ലേ?” എന്നു ചോദിച്ചു.
“ഇല്ല,” എന്ന് അവർ മറുപടി പറഞ്ഞു.
“വള്ളത്തിന്റെ വലതുഭാഗത്തു വല ഇറക്കുക, അപ്പോൾ നിങ്ങൾക്കു കിട്ടും,” എന്ന് യേശു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അപ്പോൾ അവർക്കു വല വലിച്ചുകയറ്റാൻപോലും കഴിയാത്തത്ര മീൻ ലഭിച്ചു.
യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോട്, “അതു കർത്താവാകുന്നു” എന്നു പറഞ്ഞു. “അതു കർത്താവാകുന്നു” എന്നു കേട്ട ഉടനെ ശിമോൻ പത്രോസ്, താൻ നഗ്നനായിരുന്നതിനാൽ പുറംവസ്ത്രം അരയിൽ ചുറ്റി വെള്ളത്തിൽ ചാടി. മറ്റേ ശിഷ്യന്മാർ മീൻ നിറഞ്ഞ വല വലിച്ചുകൊണ്ട് വള്ളത്തിൽ പിന്നാലെ ചെന്നു. അവർ കരയിൽനിന്ന് ഏകദേശം തൊണ്ണൂറു മീറ്റർ ദൂരത്തിലായിരുന്നു. കരയ്ക്ക് ഇറങ്ങിയപ്പോൾ അവിടെ തീക്കനലുകൾകൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
10 യേശു അവരോട്, “ഇപ്പോൾ പിടിച്ച കുറെ മീൻ കൊണ്ടുവരിക.” എന്നു പറഞ്ഞു. 11 ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയ്ക്കു വലിച്ചുകയറ്റി. നൂറ്റിയമ്പത്തിമൂന്ന് വലിയ മീൻകൊണ്ട് ആ വല നിറഞ്ഞിരുന്നു. അത്രയേറെ മത്സ്യം ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല! 12 യേശു അവരോട്, “വന്നു പ്രഭാതഭക്ഷണം കഴിക്കുക.” എന്നു പറഞ്ഞു. ശിഷ്യന്മാരിൽ ആരും അദ്ദേഹത്തോട്, “അങ്ങ് ആരാണ്?” എന്നു ചോദിക്കാൻ ധൈര്യപ്പെട്ടില്ല; അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു. 13 യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും. 14 മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തശേഷം ഇപ്പോൾ ഇത് മൂന്നാംപ്രാവശ്യമാണ് യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നത്.
പത്രോസിന്റെ പുനഃസ്ഥാപനം
15 പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു.
“ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?” പത്രോസ് പറഞ്ഞു.
“എന്റെ കുഞ്ഞാടുകളെ മേയിക്കുക,” യേശു പറഞ്ഞു.
16 യേശു വീണ്ടും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു.
അതിന് അയാൾ, “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?” എന്ന് ഉത്തരം പറഞ്ഞു.
“എന്റെ ആടുകളെ പരിപാലിക്കുക,” യേശു പറഞ്ഞു.
17 മൂന്നാംതവണയും യേശു, “യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്നു ചോദിച്ചു.
“നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു.”
അപ്പോൾ യേശു പത്രോസിനോട്, “എന്റെ ആടുകളെ മേയിക്കുക” എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു, 18 “സത്യം സത്യമായി ഞാൻ നിന്നോട് പറയട്ടെ: നീ യുവാവായിരുന്നപ്പോൾ സ്വയം വസ്ത്രംധരിച്ച് ഒരുങ്ങി ഇഷ്ടമുള്ളേടത്തേക്കു നടന്നു. വൃദ്ധനാകുമ്പോൾ നീ കൈ നീട്ടുകയും മറ്റാരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിച്ചു നിനക്കു പോകാൻ ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.” 19 ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തും എന്നു സൂചിപ്പിച്ചായിരുന്നു യേശു ഇതു പറഞ്ഞത്. പിന്നെ യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
20 പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്നേഹിച്ച ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. അത്താഴസമയത്ത് യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നത് ആരാണ്?” എന്നു ചോദിച്ചത് ഇയാൾതന്നെ. 21 അയാളെ കണ്ടിട്ടു പത്രോസ് യേശുവിനോട്, “കർത്താവേ, ഇദ്ദേഹത്തിന്റെ കാര്യം എന്താകും?” എന്നു ചോദിച്ചു.
22 അതിന് യേശു, “ഞാൻ മടങ്ങിവരുന്നതുവരെയും ഇവൻ ജീവിച്ചിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്തുകാര്യം? നീ എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. 23 ഇതുനിമിത്തം, ആ ശിഷ്യൻ മരിക്കുകയില്ല എന്നൊരു സംസാരം സഹോദരങ്ങൾക്കിടയിൽ പ്രചരിച്ചു. എന്നാൽ, അയാൾ മരിക്കുകയില്ല എന്ന് യേശു പറഞ്ഞില്ല; അവിടന്നു പറഞ്ഞത്, “ഞാൻ മടങ്ങിവരുന്നതുവരെ അയാൾ ജീവിച്ചിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്തുകാര്യം?” എന്നുമാത്രം ആയിരുന്നു.
24 ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യംവഹിക്കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമെന്നു ഞങ്ങൾ അറിയുന്നു.
25 ഇവകൂടാതെ മറ്റ് അനേകകാര്യങ്ങളും യേശു ചെയ്തു. അവ ഓരോന്നും എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽത്തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ കരുതുന്നു.
* 21:1 തിബെര്യാസ്, ഗലീലാതടാകത്തിന്റെ മറ്റൊരുപേര് 21:8 മൂ.ഭാ. ഏക. ഇരുനൂറുക്യുബിറ്റ്