3
ഇയ്യോബ് സംസാരിക്കുന്നു
1 ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു.
2 ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു:
3 “ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ,
‘ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും.
4 ആ ദിവസം അന്ധകാരപൂരിതമാകട്ടെ;
ഉയരത്തിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ;
അതിന്മേൽ വെളിച്ചം പ്രകാശിക്കാതിരിക്കട്ടെ.
5 ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ;
ഒരു മേഘം അതിനെ ആവരണംചെയ്യട്ടെ.
കൂരിരുട്ട് അതിനെ ഭയപ്പെടുത്തട്ടെ.
6 ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ;
സംവത്സരത്തിലെ ദിനങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടാതെയും
ഏതെങ്കിലും മാസങ്ങളിൽ അത് രേഖപ്പെടുത്താതെയും പോകട്ടെ.
7 ആ രാത്രി വന്ധ്യയായിത്തീരട്ടെ;
ആനന്ദഘോഷം അന്ന് കേൾക്കാതിരിക്കട്ടെ.
8 ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും ഉണർത്താൻ കഴിവുള്ളവർ,
അവർ ആ ദിവസത്തെ ശപിക്കട്ടെ.
9 ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ.
പകൽവെളിച്ചത്തിനായുള്ള കാത്തിരുപ്പ് വ്യർഥമാകട്ടെ;
ആ ദിവസം അരുണോദയകിരണങ്ങൾ കാണാതിരിക്കട്ടെ.
10 കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ
എന്റെ കണ്ണിൽനിന്നു ദുരിതം മറയ്ക്കുകയും ചെയ്തില്ലല്ലോ.
11 “ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്?
ഗർഭപാത്രത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ അന്ത്യശ്വാസം വലിക്കാഞ്ഞതെന്തുകൊണ്ട്?
12 കാൽമുട്ടുകൾ എന്നെ സ്വാഗതം ചെയ്തതെന്തിന്?
എന്നെ മുലയൂട്ടി വളർത്തിയതെന്തിന്?
13 ജനനദിവസംതന്നെ ഞാൻ മരിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ഉറങ്ങി വിശ്രമിക്കുകയായിരുന്നേനേ;
ഞാൻ ഉറങ്ങി ആശ്വസിക്കുകയായിരുന്നേനേ.
14 തങ്ങൾക്കുവേണ്ടി പടുത്തുയർത്തിയ കീർത്തിസ്തംഭങ്ങൾ ഭൂമിയിലെ രാജാക്കന്മാരോടും ഭരണാധിപന്മാരോടുമൊപ്പം
നിശ്ശൂന്യമായിക്കിടക്കുന്നതുപോലെതന്നെ.
15 സ്വർണശേഖരമുള്ള പ്രഭുക്കന്മാരോടൊപ്പമോ
തങ്ങളുടെ ഭവനങ്ങൾ വെള്ളികൊണ്ടു നിറച്ചവരോടൊപ്പമോ ഞാൻ വിശ്രമിക്കുമായിരുന്നേനേ.
16 അഥവാ, ഗർഭമലസിപ്പോയ ചാപിള്ളപോലെ;
വെളിച്ചം കാണാതിരിക്കുന്ന ശിശുവിനെപ്പോലെതന്നെ എന്നെ ഭൂമിയിൽ എന്തുകൊണ്ട് മറവുചെയ്തില്ല?
17 അവിടെ ദുഷ്ടർ കലഹമുണ്ടാക്കുന്നില്ല;
ക്ഷീണിതർ വിശ്രാന്തി അനുഭവിക്കുന്നു.
18 അവിടെ ബന്ദിതരെല്ലാം ആശ്വസിക്കുന്നു;
പീഡകരുടെ ശബ്ദം അവർ ശ്രവിക്കുന്നില്ല.
19 ചെറിയവരും വലിയവരും അവിടെയുണ്ട്;
അവിടെ അടിമകൾ യജമാനരിൽനിന്ന് മോചിതരായിക്കഴിയുന്നു.
20 “ദുരിതമനുഭവിക്കുന്നവർക്കു പ്രകാശവും
ഹൃദയവ്യഥ അനുഭവിക്കുന്നവർക്കു ജീവനും നൽകുന്നതെന്തിന്?
21 അവർ മരിക്കുന്നതിനായി ആഗ്രഹിക്കുന്നു. എന്നാൽ മരണം അവർക്കു ലഭിക്കാതെപോകുന്നു;
നിഗൂഢനിധികളെക്കാൾ അവർ അതിനുവേണ്ടി തെരച്ചിൽ നടത്തുന്നു.
22 കുഴിമാടത്തിലെത്തുമ്പോൾ അവർ ആനന്ദിക്കുന്നു;
അത്യന്തം സന്തുഷ്ടരായി ആഹ്ലാദിക്കുന്നു.
23 അടുത്ത ചുവട് കാണാതെ തന്റെ വഴി മറവായിരിക്കുന്ന മനുഷ്യന്,
നാലുപാടും കഷ്ടതകൊണ്ട് ദൈവം നിറച്ചിരിക്കുന്ന മനുഷ്യന്,
ദൈവമേ, എന്തിന് ഈ ജീവിതം തന്നു?
24 ഭക്ഷണം കാണുമ്പോൾ എനിക്കു നെടുവീർപ്പുണ്ടാകുന്നു.
എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
25 ഞാൻ പേടിച്ചിരുന്നത് എനിക്കു സംഭവിച്ചിരിക്കുന്നു.
ഞാൻ ഭയന്നിരുന്നത് എനിക്കു വന്നുഭവിച്ചിരിക്കുന്നു.
26 ഞാൻ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്.
എനിക്കു വിശ്രമമില്ല, ദുരിതങ്ങൾമാത്രമേ അവശേഷിക്കുന്നുള്ളൂ.”