29
ഇയ്യോബ് സംവാദം തുടരുന്നു
1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
2 “അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ
ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ,
3 അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ
അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ.
4 എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ
ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും
5 സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും
എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ!
6 അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു;
പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു.
7 “അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും
ചത്വരങ്ങളിൽ ഉപവിഷ്ടനാകുകയും ചെയ്തിരുന്നപ്പോൾ.
8 യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു,
വയോധികർ എന്നെക്കണ്ട് എഴുന്നേറ്റിരുന്നു.
9 പ്രഭുക്കന്മാർ സംസാരം നിർത്തുകയും
അവർ അവരുടെ കൈകൊണ്ടു വായ് പൊത്തുകയും ചെയ്യുമായിരുന്നു.
10 പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും
അവരുടെ നാവ് മേലണ്ണാക്കിനോടു പറ്റിച്ചേരുകയും ചെയ്യുമായിരുന്നു.
11 എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു,
എന്നെ കണ്ടവരൊക്കെ എന്നെ പ്രശംസിച്ചിരുന്നു,
12 കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും
ആരും സഹായത്തിനില്ലാത്ത അനാഥരെയും ഞാൻ മോചിപ്പിച്ചിരുന്നു.
13 നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു;
വിധവയുടെ ഹൃദയത്തിൽനിന്ന് ആനന്ദഗീതം ഉയരാൻ ഞാൻ വഴിയൊരുക്കി.
14 ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു;
നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു.
15 ഞാൻ അന്ധർക്കു കണ്ണുകളും
മുടന്തർക്കു കാലുകളും ആയിരുന്നു.
16 ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു;
അപരിചിതന്റെ വ്യവഹാരംപോലും ഞാൻ ഏറ്റെടുത്തു നടത്തി.
17 ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു;
അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു.
18 “അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും,
മണൽത്തരിപോലെ എന്റെ ദിവസങ്ങൾ അസംഖ്യമായിരിക്കും.
19 എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും,
രാത്രിമുഴുവൻ മഞ്ഞുവെള്ളം എന്റെ ശാഖകളിൽ തങ്ങിനിൽക്കും.
20 എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും;
എന്റെ വില്ല് എന്റെ കൈയിൽ എന്നും നവീനമായിരിക്കും.’
21 “ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു,
എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരിക്കുകയും ചെയ്തിരുന്നു.
22 ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല;
എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു.
23 മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു;
വസന്തകാലമഴപോലെ അവർ എന്റെ മൊഴികൾ ആസ്വദിച്ചു.
24 അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു;
എന്റെ മുഖത്തെ പ്രകാശം അവർക്ക് അമൂല്യമായിരുന്നു.
25 ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു;
സൈന്യമധ്യത്തിലെ രാജാവിനെപ്പോലെയും
വിലപിക്കുന്നവർക്ക് ആശ്വാസദായകനെപ്പോലെയും ആയിത്തീർന്നു ഞാൻ.