21
ഇയ്യോബ്
അതിന് ഇയ്യോബ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്:
“എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക;
നിങ്ങൾ എനിക്കു നൽകുന്ന ആശ്വാസം അതാകട്ടെ.
ഞാൻ സംസാരിക്കുന്നത് ഒന്നു ക്ഷമയോടെ കേൾക്കുക,
സംസാരിച്ചുതീർന്നശേഷം നിങ്ങൾക്കെന്നെ പരിഹസിക്കാം.
 
“ഒരു മനുഷ്യനോടല്ലല്ലോ ഞാൻ എന്റെ ആവലാതി പറയുന്നത്?
പിന്നെ ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ?
എന്നെ നോക്കുക, ആശ്ചര്യപ്പെടുക;
സ്തബ്ധരായി കൈകൊണ്ട് വായ് പൊത്തിക്കൊൾക.
അതോർക്കുമ്പോൾ ഞാൻ ഭയവിഹ്വലനാകുന്നു;
വിറയൽ എന്റെ ശരീരത്തെ ബാധിച്ചിക്കുന്നു.
ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും
ശക്തി ഏറിവരുന്നതും എന്തുകൊണ്ട്?
അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും
അവരുടെ സന്താനങ്ങൾ അവരുടെ കൺമുന്നിലും സുസ്ഥിരരായിത്തീരുന്നു.
അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു;
ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ വീഴുന്നതുമില്ല.
10 അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല;
അവരുടെ പശുക്കൾ ഗർഭം അലസാതെ കിടാങ്ങളെ പ്രസവിക്കുന്നു.
11 ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു;
അവരുടെ കുഞ്ഞുകുട്ടികൾ തുള്ളിക്കളിച്ചു നടക്കുന്നു.
12 അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു;
കുഴൽനാദത്തിൽ അവർ ഉല്ലാസനർത്തനമാടുന്നു.
13 അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു,
സമാധാനത്തോടെ* അവർ ശവക്കുഴിയിലേക്കിറങ്ങുന്നു.
14 എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക!
അവിടത്തെ വഴികൾ അറിയുന്നതിനു ഞങ്ങൾക്കു താത്പര്യമില്ല.
15 ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്?
അവിടത്തോടു പ്രാർഥിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനമാണുള്ളത്?’
16 എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല;
അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്ന് ഞാൻ അകന്നിരിക്കുന്നു.
 
17 “എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു?
എത്രതവണ അവർക്ക് ആപത്തു വന്നുഭവിക്കുകയും
ദൈവം തന്റെ കോപത്തിൽ അവർക്കു നാശം വരുത്തുകയുംചെയ്യുന്നു?
18 എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും
കൊടുങ്കാറ്റിന്റെമുമ്പിലെ പതിരുപോലെയും ആയിരിക്കുന്നു.
19 ‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു.
അവർ സ്വയം മനസ്സിലാക്കേണ്ടതിന് ദൈവം ദുഷ്ടരോടുതന്നെ പ്രതികാരംചെയ്യട്ടെ!
20 അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ;
സർവശക്തന്റെ ക്രോധം അവർതന്നെ പാനംചെയ്യട്ടെ.
21 അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ
തങ്ങൾ ഉപേക്ഷിച്ചുപോകുന്ന കുടുംബത്തെപ്പറ്റി അവർക്ക് എന്ത് ഉത്കണ്ഠ?
 
22 “ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ?
അവിടന്ന് അതിമഹാന്മാരെയും ന്യായംവിധിക്കുന്നുവല്ലോ.
23 ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു,
സമ്പൂർണസുരക്ഷയും സമൃദ്ധിയും
24 ശരീരപോഷണവും
അസ്ഥികൾ മജ്ജയാൽ നിറഞ്ഞിരിക്കുമ്പോഴുംതന്നെ.
25 അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ
മനോവ്യസനത്തോടെ മരിക്കുന്നു.
26 അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു,
പുഴുക്കൾ അവരെ പൊതിയുന്നു.
 
27 “നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം,
എനിക്കെതിരേ നിങ്ങൾ നിരൂപിക്കുന്ന പദ്ധതികളും ഞാൻ അറിയുന്നുണ്ട്.
28 നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ?
ദുഷ്ടരുടെ വാസസ്ഥലങ്ങൾ എവിടെ?’
29 വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ?
അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ?
30 വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു;
ക്രോധദിവസത്തിൽനിന്ന് അവർ വിമോചിതരാകുന്നു.
31 അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും?
അവരുടെ ചെയ്തികൾക്ക് ആര് പകരംചെയ്യും?
32 അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു;
അവരുടെ കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്.
33 താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും;
അവർക്കുമുമ്പായി അസംഖ്യംപേർ പോകുന്നു,
എല്ലാവരും അവരെ അനുഗമിക്കുന്നു.
 
34 “പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ?
നിങ്ങളുടെ ഉത്തരങ്ങളിൽ വ്യാജമല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ലല്ലോ!”
* 21:13 അഥവാ, പെട്ടെന്നുതന്നെ 21:24 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. 21:30 അഥവാ, വിനാശദിവസത്തിനായി ദുഷ്ടർ സൂക്ഷിക്കപ്പെടുന്നു അഥവാ, ക്രോധദിവസത്തിലേക്ക് അവർ ആനയിക്കപ്പെടുന്നു.