24
തിളയ്ക്കുന്ന കുട്ടകം 
 
1 ഒൻപതാംവർഷം പത്താംമാസം പത്താംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി.  
2 “മനുഷ്യപുത്രാ, ഈ തീയതി, ഈ തീയതിതന്നെ, രേഖപ്പെടുത്തുക. കാരണം ബാബേൽരാജാവ് ഈ ദിവസത്തിൽത്തന്നെ ജെറുശലേമിനെതിരേ ഉപരോധം തീർത്തിരിക്കുന്നു.  
3 ഈ മത്സരഗൃഹത്തോട് ഒരു സാദൃശ്യകഥ ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“ ‘നീ ഒരു കുട്ടകം അടുപ്പത്തുവെച്ച്,  
അതിൽ വെള്ളം ഒഴിക്കുക.   
4 അതിൽ ഇറച്ചിക്കഷണങ്ങൾ, ഏറ്റവും നല്ല കഷണങ്ങൾ—  
തുട, കൈക്കുറക് എന്നിവയെല്ലാം അതിലേക്കിടുക.  
ഏറ്റവും നല്ല അസ്ഥിക്കഷണങ്ങൾകൊണ്ട് അതു നിറയ്ക്കുക.   
5 ആട്ടിൻപറ്റത്തിലെ ഏറ്റവും നല്ല മൃഗത്തെ എടുത്ത്  
അതിനടിയിൽ വിറകടുക്കി അത് തിളപ്പിക്കുക.  
അസ്ഥികൾ അതിൽക്കിടന്ന്  
വെന്തു പാകമാകട്ടെ.   
6 കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“ ‘ക്ലാവുപിടിച്ചതും  
ക്ലാവു നീങ്ങിപ്പോകാത്തതുമായ കുട്ടകംപോലെ  
രക്തപാതക ദോഷമുള്ള ഈ നഗരത്തിന് അയ്യോ, കഷ്ടം!  
അതിന് നറുക്കിടാതെതന്നെ  
അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്കുക.   
   
 
7 “ ‘അവൾ ചൊരിഞ്ഞ രക്തം അവളുടെ മധ്യേയുണ്ട്:  
വെറും പാറമേലാണ് അവൾ അതു ചൊരിഞ്ഞത്;  
മണ്ണ് അതിനെ മൂടിക്കളയുമാറ് നിലത്തല്ല  
അവൾ അതു ചൊരിഞ്ഞത്.   
8 ക്രോധം ജ്വലിപ്പിക്കാനും പ്രതികാരം നടത്തുന്നതിനുംവേണ്ടി  
ഞാൻ അതു വെറും പാറമേൽത്തന്നെ നിർത്തിയിരിക്കുന്നു,  
അതിനാൽ അതു മൂടിപ്പോകുകയില്ല.   
9 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“ ‘രക്തപാതകമുള്ള നഗരത്തിന് അയ്യോ, കഷ്ടം!  
വിറകുകൂമ്പാരം ഞാനും ഉയരമുള്ളതാക്കും.   
10 അങ്ങനെ വിറകു കൂമ്പാരമായി കൂട്ടി  
തീ കത്തിക്കുക.  
ചാറു കുറുകുമാറ്  
മാംസം നല്ലവണ്ണം വേവിക്കുക;  
അങ്ങനെ അസ്ഥികൾ വെന്തുപോകട്ടെ.   
11 അതിനുശേഷം അതിന്റെ ചെമ്പ് കാഞ്ഞ് ജ്വലിക്കുന്നതിനും  
ക്ലാവ് ഉരുകേണ്ടതിനും  
അതിന്റെ ശേഖരം എരിഞ്ഞുപോകുന്നതിനുമായി  
ആ കുട്ടകം ഒഴിച്ചെടുത്ത് കനലിന്മേൽ വെക്കുക.   
12 എല്ലാ പ്രയത്നങ്ങളെയും അതു നിഷ്ഫലമാക്കിയിരിക്കുന്നു;  
അതിലെ കനത്ത ക്ലാവുശേഖരം വിട്ടുപോയിട്ടില്ല;  
അതു തീയിൽപോലും നീങ്ങിപ്പോയില്ല.   
13 “ ‘ഇപ്പോൾ, നിങ്ങളുടെ അശുദ്ധി വിഷയലമ്പടത്തമാണ്. ഞാൻ നിന്നെ ശുദ്ധീകരിക്കാൻ ശ്രമിച്ചിട്ടും നിന്റെ മാലിന്യത്തിൽനിന്നു ശുദ്ധീകരിക്കാൻ കഴിയാത്തതിനാൽ നിന്നോടുള്ള എന്റെ ക്രോധം അസ്തമിക്കുന്നതുവരെയും നീ ഇനി ശുദ്ധയാകുകയില്ല.   
   
 
14 “ ‘യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. എനിക്കു പ്രവർത്തിക്കാനുള്ള സമയം വന്നിരിക്കുന്നു; ഞാൻ പിന്മാറുകയില്ല. എനിക്കു സഹതാപം തോന്നുകയില്ല, എന്റെ മനസ്സ് അലിയുകയുമില്ല. നിന്റെ പെരുമാറ്റരീതിയും പ്രവൃത്തിയും അനുസരിച്ച് നീ ന്യായം വിധിക്കപ്പെടും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”   
യെഹെസ്കേലിന്റെ ഭാര്യയുടെ മരണം 
 
15 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:  
16 “മനുഷ്യപുത്രാ, നിന്റെ കണ്ണിന് ആനന്ദമായവളെ ഒരൊറ്റ അടികൊണ്ട് ഞാൻ നിങ്കൽനിന്ന് എടുത്തുകളയാൻ പോകുകയാണ്. എങ്കിലും നീ വിലപിക്കയോ കരയുകയോ കണ്ണുനീർ ചൊരിയുകയോ അരുത്.  
17 മൗനമായി നെടുവീർപ്പിട്ടുകൊൾക; മരിച്ചവൾക്കുവേണ്ടി കരയരുത്. നിന്റെ തലപ്പാവുകെട്ടി കാലിൽ ചെരിപ്പിട്ടുകൊൾക; മീശയും താടിയും മറയ്ക്കരുത്; വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയുമരുത്.”   
18 അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു, വൈകുന്നേരം എന്റെ ഭാര്യ മരിച്ചു. അടുത്ത പ്രഭാതത്തിൽ എന്നോടു കൽപ്പിച്ചിരുന്നതുപോലെ ഞാൻ ചെയ്തു.   
19 അപ്പോൾ ജനം എന്നോട്, “ഈ കാര്യങ്ങളുടെ താത്പര്യം എന്താണെന്ന് താങ്കൾ ഞങ്ങൾക്കു പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു.   
20 അങ്ങനെ ഞാൻ അവരോടു പറഞ്ഞു: “യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു.  
21 നീ ഇസ്രായേൽജനത്തോടു പറയുക, ‘യഹോവയായ കർത്താവ് ഇതാണ് അരുളിച്ചെയ്യുന്നത്: നിങ്ങൾ അഭിമാനം കൊള്ളുന്ന നിങ്ങളുടെ ശക്തികേന്ദ്രവും നിങ്ങളുടെ കണ്ണിന് ആനന്ദവും ഹൃദയത്തിന്റെ വാഞ്ഛയുമായ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കാൻ പോകുകയാണ്; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും.  
22 ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യും. നിങ്ങൾ മീശയും താടിയും മറയ്ക്കുകയോ വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുകയില്ല.  
23 നിങ്ങൾ തലപ്പാവു തലയിലും ചെരിപ്പു കാലിലും ധരിച്ചുകൊള്ളും. നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ പാപംനിമിത്തം ഉരുകി പരസ്പരം നോക്കി നെടുവീർപ്പിടും.  
24 യെഹെസ്കേൽ നിങ്ങൾക്ക് ഒരു ചിഹ്നം ആയിരിക്കും; അദ്ദേഹം ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യും. ഇതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.’   
25 “മനുഷ്യപുത്രാ, അവരുടെ ശക്തികേന്ദ്രവും സന്തുഷ്ടിയും മഹത്ത്വവും കണ്ണുകൾക്കു പ്രമോദവും ഹൃദയവാഞ്ഛയുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും ഞാൻ എടുത്തുകളയുന്ന ദിവസത്തിൽ  
26 ആ ദിവസം ഒരു പലായനംചെയ്യുന്നയാൾ വന്ന് ഈ വാർത്ത നിന്നെ അറിയിക്കും.  
27 അയാളോടു സംസാരിക്കാൻ നിന്റെ വായ് തുറക്കപ്പെടും; നീ പിന്നീടു മൗനമായിരിക്കാതെ സംസാരിക്കും. അങ്ങനെ നീ അവർക്കൊരു ചിഹ്നം ആയിത്തീരും. ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”