5
നിഷിദ്ധസംഗമത്തിനുള്ള ശിക്ഷ
നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ* സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്. എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അതു പ്രവർത്തിച്ചവനെ നിങ്ങൾക്കിടയിൽനിന്ന് പുറത്താക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു. നിങ്ങൾ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ, ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം പൂർണമായി നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ.
നിങ്ങളുടെ ആത്മപ്രശംസ നല്ലതേയല്ല. ഒരൽപ്പം പുളിമാവു മാവിനെ മുഴുവൻ പുളിപ്പിക്കുന്നെന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ പുതിയ മാവ് ആകേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക—നിങ്ങൾ പുളിപ്പില്ലാത്ത മാവുതന്നെ ആണല്ലോ. നമ്മുടെ പെസഹാക്കുഞ്ഞാടായ§ ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം.
അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ. 10 സഭയ്ക്കു പുറത്തുള്ള* അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും. 11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
12 സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്? 13 പുറത്തുള്ളവരെ വിധിക്കുന്നത് ദൈവമാണ്. “ആ ദുഷിച്ചവനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”
* 5:1 ഭാര്യയെ, വിവക്ഷിക്കുന്നത് രണ്ടാനമ്മ 5:1 ദൈവത്തിൽനിന്ന് നിയമസംഹിത ലഭിച്ചവരാണ് യെഹൂദർ, എന്നാൽ അങ്ങനെയല്ലാത്തവരാണ് ഇക്കൂട്ടർ. 5:5 അഥവാ, ശരീരം § 5:7 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. * 5:10 മൂ.ഭാ. ഈ ലോകത്തിലെ 5:13 ആവ. 17:7; 19:19; 21:21; 22:21,24; 24:7