4
ഇസ്രായേൽ ദൈവത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല
എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ ഞെരുക്കുകയും
തങ്ങളുടെ ഭർത്താക്കന്മാരോട്:
“ഞങ്ങൾ കുടിക്കട്ടെ, കൊണ്ടുവരിക” എന്നു പറയുകയും ചെയ്യുന്ന സ്ത്രീകളേ,
ശമര്യ പർവതത്തിലെ ബാശാന്യ പശുക്കളേ, ഈ വചനം കേൾക്കുക!
സർവശക്തനായ യഹോവ, അവിടത്തെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു:
“നിങ്ങളെ കൊളുത്തുകൾകൊണ്ടും
നിങ്ങളിൽ അവസാനം ശേഷിച്ചിട്ടുള്ളവരെ ചൂണ്ടൽകൊണ്ടും*
പിടിച്ചുകൊണ്ടുപോകുന്ന കാലം വരും.
നിങ്ങൾ ഓരോരുത്തരും നേരേ
മതിലിന്റെ വിള്ളലുകളിലൂടെ പുറത്തു ചെല്ലും.
നിങ്ങളെ ഹെർമോനിലേക്ക് എറിഞ്ഞുകളയും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ബേഥേലിലേക്കു പോകുക, പാപം ചെയ്യുക;
ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക.
പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും
മൂന്നാംദിവസംതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക.
പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക
സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക;
ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക,
ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?”
എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
 
“ഞാൻ നിങ്ങൾക്ക് എല്ലാ പട്ടണങ്ങളിലും ഒഴിഞ്ഞ വയറും
എല്ലാ നഗരങ്ങളിലും അപ്പമില്ലായ്മയും നൽകി;
എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
 
“കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ
ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു.
ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി,
മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല.
ഒരു വയലിൽ മഴ പെയ്തു,
മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി.
ജനം വെള്ളത്തിനായി പട്ടണംതോറും അലഞ്ഞുനടന്നു
എന്നാൽ കുടിക്കാൻ മതിയാവോളം വെള്ളം അവർക്കു കിട്ടിയില്ല.
എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
 
“ഞാൻ പലപ്പോഴും നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും
വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും നശിപ്പിച്ചു.
വെട്ടുക്കിളി നിങ്ങളുടെ അത്തിവൃക്ഷങ്ങളും ഒലിവുവൃക്ഷങ്ങളും തിന്നുകളഞ്ഞു,
എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
 
10 “ഞാൻ ഈജിപ്റ്റിൽ ചെയ്തതുപോലെ,
നിങ്ങളുടെ ഇടയിൽ ബാധകൾ അയച്ചു.
നിങ്ങളുടെ യുവാക്കളെ ഞാൻ വാൾകൊണ്ടു കൊന്നുകളഞ്ഞു,
നിങ്ങൾ പിടിച്ചുകൊണ്ടുപോയ കുതിരകളെയും കൊന്നു.
നിങ്ങളുടെ പാളയത്തിലെ ദുർഗന്ധം നിങ്ങളുടെ മൂക്കിൽ നിറച്ചു,
എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
 
11 “സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതുപോലെ
ഞാൻ നിങ്ങൾക്ക് ഉന്മൂലനാശംവരുത്തി.
നിങ്ങൾ കത്തുന്ന അഗ്നിയിൽനിന്ന് വലിച്ചെടുത്ത ഒരു കൊള്ളിപോലെ ആയിരുന്നു,
എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
 
12 “അതുകൊണ്ട്, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും,
ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യാൻ പോകുന്നതുകൊണ്ട്,
നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക.”
 
13 പർവതങ്ങളെ രൂപപ്പെടുത്തുന്നവനും
കാറ്റുകളെ സൃഷ്ടിക്കുന്നവനും
തന്റെ വിചാരങ്ങളെ മനുഷ്യനു വെളിപ്പെടുത്തുന്നവനും
പ്രഭാതത്തെ അന്ധകാരമാക്കുന്നവനും
ഭൂമിയുടെ ഉന്നതികളിന്മേൽ നടക്കുന്നവനുമായ ഒരുവനുണ്ട്—
സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന് ആകുന്നു അവിടത്തെ നാമം!
* 4:2 അഥവാ, മീൻ കുട്ടകൾകൊണ്ടും 4:4 അഥവാ, വർഷംതോറും