4
എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി: നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും +അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു. എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു. എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു. അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും. 10 +അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു. 11 +അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു. 12 ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു. 13 അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു. 14 അതിന്നു അവൻ: ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ എന്നു പറഞ്ഞു.
+ 4:3 വെളിപ്പാടു 11:4 + 4:10 എസ്രാ 5:2; വെളിപ്പാടു 5:6 + 4:11 വെളിപ്പാടു 11:4