10
അതിന്റെശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന്നു പകരം രാജാവായി. അപ്പോൾ ദാവീദ്: ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു. ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്തു എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ തങ്ങളുടെ യജമാനനായ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചതു എന്നു പറഞ്ഞു. അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു. ദാവീദ്‌രാജാവു ഇതു അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പിൻ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു. തങ്ങൾ ദാവീദിന്നു വെറുപ്പുള്ളവരായ്തീർന്നു എന്നു അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബിൽനിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി. ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു. അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്ക്കൽ പടെക്കു അണിനിരന്നു; എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിമ്പ്രദേശത്തായിരുന്നു. തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി. 10 ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു: 11 അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്കു സഹായം ചെയ്യും. 12 ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു. 13 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടിപ്പോയി. 14 അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 15 തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടിട്ടു അവർ ഒന്നിച്ചുകൂടി. 16 ഹദദേസെർ ആളയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു. 17 അതു ദാവീദിന്നു അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്നു ഹേലാമിൽ ചെന്നു. എന്നാറെ അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു. 18 അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു. 19 എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങൾ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്‌വാൻ അരാമ്യർ ഭയപ്പെട്ടു.