9
1 യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
2 അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
3 യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാർത്തു.
4 അവരാരെന്നാൽ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;
5 ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
7 ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
8 യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും
9 തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
10 പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
11 അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
12 അസര്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
13 പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.
14 ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
15 ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും
16 യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാർത്ത എല്ക്കാനയുടെ മകനായ
17 ആസയുടെ മകൻ ബെരെഖ്യാവും. വാതിൽകാവല്ക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
18 ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്തു രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
19 കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവല്ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
20 എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
21 മെശേലെമ്യാവിന്റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
22 ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാർത്തപ്പെട്ടിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
23 ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.
24 കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
25 ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
26 വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
27 കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാർത്തുവന്നു.
28 അവരിൽ ചിലർക്കു ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
29 അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവെക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.
30 പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.
31 ലേവ്യരിൽ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിന്നു ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽവിചാരണ ഉണ്ടായിരുന്നു.
32 കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലർക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
33 ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവർ സംഗീതക്കാരായി ആഗാരങ്ങളിൽ പാർത്തിരുന്നു. അവർ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്നു ഒഴിവുള്ളവരായിരുന്നു.
34 ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ പാർത്തുവന്നു.
35 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും‒അവന്റെ ഭാര്യക്കു മയഖാ എന്നു പേർ‒
36 അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,
37 നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാവു, മിക്ലോത്ത് എന്നിവരും പാർത്തു.
38 മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കു എതിരെ പാർത്തു.
39 നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
40 യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
41 മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.
42 ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
43 മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.
44 ആസേലിന്നു ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവു, ഓബദ്യാവു, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.