136
+യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.
കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.
ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
+ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
+ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
+വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
പകൽ വാഴുവാൻ സൂര്യനെയും -
അവന്റെ ദയ എന്നേക്കുമുള്ളതു.
രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
10 +മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
11 +അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ-
അവന്റെ ദയ എന്നേക്കുമുള്ളതു.
13 +ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
17 മഹാരാജാക്കന്മാരെ സംഹരിച്ചവന്നു ‒ അവന്റെ ദയ എന്നേക്കുമുള്ളതു.
18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
19 +അമോര്യരുടെ രാജാവായ സീഹോനെയും -
അവന്റെ ദയ എന്നേക്കുമുള്ളതു.
20 +ബാശാൻ രാജാവായ ഓഗിനെയും -
അവന്റെ ദയ എന്നേക്കുമുള്ളതു.
21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -
അവന്റെ ദയ എന്നേക്കുമുള്ളതു.
22 തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -
അവന്റെ ദയ എന്നേക്കുമുള്ളതു.
23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
24 നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
25 സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -
അവന്റെ ദയ എന്നേക്കുമുള്ളതു.
26 സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.
+ 136:1 1. ദിനവൃത്താന്തം 16:34; 2. ദിനവൃത്താന്തം 5:13; 7:3; എസ്രാ 3:11; സങ്കീർത്തനങ്ങൾ 100:5; 106:1; 107:1; 118:1; യിരെമ്യാവു 33:11 + 136:5 ഉല്പത്തി 1:1 + 136:6 ഉല്പത്തി 1:2 + 136:7 ഉല്പത്തി 1:16 + 136:10 പുറപ്പാടു 12:29 + 136:11 പുറപ്പാടു 12:51 + 136:13 പുറപ്പാടു 14:21-29 + 136:19 സംഖ്യാപുസ്തകം 21:21-30 + 136:20 സംഖ്യാപുസ്തകം 21:31-35