23
അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു; പിന്നെ ബിലെയാം ബാലാക്കിനോടു: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവൻ എന്നെ ദർശിപ്പിക്കുന്നതു ഞാൻ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി. ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പീഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു. അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു:
ബാലാക്ക് എന്നെ അരാമിൽനിന്നും
മോവാബ്‌രാജാവു പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി:
ചെന്നു യാക്കോബിനെ ശപിക്ക;
ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും? ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു;
ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു;
ഇതാ തനിച്ചു പാർക്കുന്നോരു ജനം;
ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
10 യാക്കോബിന്റെ ധൂളിയെ ആർക്കു എണ്ണാം?
യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം?
ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ;
എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
11 ബാലാക്ക് ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 12 അതിന്നു അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു. 13 ബാലാക്ക് അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു. 14 ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 15 പിന്നെ അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു. 16 യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു. 17 അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു. 18 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു:
ബാലാക്കേ, എഴുന്നേറ്റു കേൾക്ക;
സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല;
അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല;
താൻ ചെയ്യാതിരിക്കുമോ?
താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?
20 അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു;
അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
21 യാക്കോബിൽ തിന്മ കാണ്മാനില്ല;
യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല;
അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു;
രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
22 ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു;
കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
23 ആഭിചാരം യാക്കോബിന്നു പറ്റുകയില്ല;
ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല;
ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും:
ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;
ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു;
അവൻ ഇര പിടിച്ചു തിന്നാതെയും
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല. 25 അപ്പോൾ ബാലാക്ക് ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു. 26 ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു. 27 ബാലാക്ക് ബിലെയാമിനോടു: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു. 28 അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. 29 ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 30 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.