19
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: +നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ. +നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. +വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം. അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം. മൂന്നാം ദിവസം തിന്നു എന്നുവരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല. അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവെക്കു വിശുദ്ധമായതു അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
+നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു. 10 നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 11 +മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കുപറയരുതു. 12 +എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു. 13 +കൂട്ടുകാരനെ പീഡിപ്പിക്കരുതു; അവന്റെ വസ്തു കവർച്ച ചെയ്കയും അരുതു; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുതു. 14 +ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പിൽ ഇടർച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു. 15 +ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം. 16 നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു. 17 +സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു. 18 +നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു. 19 +നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുതു. 20 ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു; 21 അവൻ യഹൊവെക്കു അകൃത്യയാഗത്തിന്നായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം. 22 അവൻ ചെയ്ത പാപത്തിന്നായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും. 23 നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ഇരിക്കേണം; അതു തിന്നരുതു. 24 നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം. 25 അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 26 +രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂർത്തം നോക്കരുതു; 27 +നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു. 28 മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു. 29 +ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു. 30 +നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാൻ യഹോവ ആകുന്നു. 31 +വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 32 നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു. 33 +പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു. 34 നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 35 +ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു. 36 ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 37 നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.
+ 19:2 ലേവ്യപുസ്തകം 11:44,45; 1. പത്രൊസ് 1:16 + 19:3 പുറപ്പാടു 20:12; ആവർത്തനപുസ്തകം 5:16; പുറപ്പാടു 20:8; ആവർത്തനപുസ്തകം 5:12 + 19:4 ലേവ്യപുസ്തകം 26:1; പുറപ്പാടു 20:23; 34:17; ആവർത്തനപുസ്തകം 17:2-5 + 19:9 ലേവ്യപുസ്തകം 27:15; ആവർത്തനപുസ്തകം 24:19-22 + 19:11 പുറപ്പാടു 20:15; ആവർത്തനപുസ്തകം 5:19; പുറപ്പാടു 20:16; ആവർത്തനപുസ്തകം 5:20 + 19:12 പുറപ്പാടു 20:7; ആവർത്തനപുസ്തകം 5:11; മത്തായി 5:33 + 19:13 ആവർത്തനപുസ്തകം 24:14,15 + 19:14 ആവർത്തനപുസ്തകം 27:18 + 19:15 പുറപ്പാടു 23:6-8; ആവർത്തനപുസ്തകം 16:19 + 19:17 മത്തായി 18:15 + 19:18 മത്തായി 5:43; 19:19; 22:39; മർക്കൊസ് 12:31; ലൂക്കൊസ് 10:27; റോമർ 13:9; ഗലാത്യർ 5:14; യാക്കോബ് 2:8 + 19:19 ആവർത്തനപുസ്തകം 22:9-11 + 19:26 ഉല്പത്തി 9:4; ലേവ്യപുസ്തകം 7:26,27; 17:10-14; ആവർത്തനപുസ്തകം 12:16,23; 15:23; ആവർത്തനപുസ്തകം 18:10 + 19:27 ലേവ്യപുസ്തകം 21:5; ആവർത്തനപുസ്തകം 14:1 + 19:29 ആവർത്തനപുസ്തകം 23:17 + 19:30 ലേവ്യപുസ്തകം 26:2 + 19:31 ആവർത്തനപുസ്തകം 18:11; 1. ശമൂവേൽ 28:3; 2. രാജാക്കന്മാർ 23:4; യെശയ്യാവു 8:19 + 19:33 പുറപ്പാടു 22:21; ആവർത്തനപുസ്തകം 24:17,18; 27:19 + 19:35 ആവർത്തനപുസ്തകം 25:13-16; സദൃശവാക്യങ്ങൾ 20:10; യെഹെസ്കേൽ 45:10