34
ജാതികളേ, അടുത്തുവന്നു കേൾപ്പിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളെക്കുന്നതൊക്കെയും കേൾക്കട്ടെ. യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കൊലെക്കു ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും. +ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. +എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും. യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു. അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു. അവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും. 10 +രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു പോകയുമില്ല. 11 വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും. 12 അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും നാസ്തിയായ്പോകും. 13 അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. 14 മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും. 15 അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴെ ചേർത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും. 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. 17 അവൻ അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവെക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ പാർക്കും.
+ 34:4 മത്തായി 24:29; മർക്കൊസ് 13:25; ലൂക്കൊസ് 21:26; വെളിപ്പാടു 6:13,14 + 34:5 യെശയ്യാവു 63:1-6; യിരെമ്യാവു 49:7-22; യെഹെസ്കേൽ 25:12-14; 35:1-15; ആമോസ് 1:11,12; ഓബദ്യാവു 1:1-14; മലാഖി 1:2-5 + 34:10 വെളിപ്പാടു 14:11; 19:3