31
1 അപ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ മരിച്ചുവീണു.
2 ഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാൻ, അബീനാദാബ്, മല്ക്കീശൂവ എന്നിവരെ കൊന്നു.
3 എന്നാൽ സൈന്യം ശൌലിന്റെ നേരെ ഏറ്റവും ശക്തിപ്പെട്ടു; വില്ലാളികൾ അവനെ ഉപദ്രവിച്ച്, മാരകമായി മുറിവേൽപ്പിച്ചു.
4 ശൌല്‍ തന്റെ ആയുധവാഹകനോട്: “ഈ അഗ്രചർമ്മികൾ എന്നെ കുത്തിക്കൊല്ലുകയും അപമാനിക്കുകയും ചെയ്യാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു. ആയുധവാഹകൻ ഭയപ്പെട്ടതുകൊണ്ട് അവൻ അങ്ങനെ ചെയ്തില്ല; അതുകൊണ്ട് ശൌല്‍ ഒരു വാൾ പിടിച്ച് അതിന്മേൽ വീണു.
5 ശൌല്‍ മരിച്ചു എന്ന് അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ അവനും അങ്ങനെ തന്നെ തന്റെ വാളിന്മേൽ വീണ് അവനോടുകൂടെ മരിച്ചു.
6 അങ്ങനെ ശൌലും, അവന്റെ മൂന്നു പുത്രന്മാരും, അവന്റെ ആയുധവാഹകനും, അവന്റെ ആളുകൾ ഒക്കെയും അന്നുതന്നെ ഒന്നിച്ച് മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
7 ശൌലും പുത്രന്മാരും മരിച്ചു എന്ന് താഴ്വരയുടെ അപ്പുറത്തും യോർദ്ദാനക്കരെയും ഉള്ള യിസ്രായേല്യർ അറിഞ്ഞപ്പോൾ അവർ പട്ടണങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ഫെലിസ്ത്യർ വന്ന് അവിടെ പാർക്കുകയും ചെയ്തു.
8 പിറ്റേദിവസം ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നത് കണ്ടു.
9 അവർ ശൌലിന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗം അഴിച്ചെടുത്ത് തങ്ങളുടെ ക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വാർത്ത അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ച്.
10 അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്ത് ദേവിയുടെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ശരീരം അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
11 എന്നാൽ ഫെലിസ്ത്യർ ശൌലിനോട് ചെയ്തത് ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
12 ശൂരന്മാരായ എല്ലാവരും രാത്രി നടന്നുചെന്ന് ബേത്ത്-ശാന്റെ ചുവരിൽനിന്ന് ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിൽ കൊണ്ടുവന്ന് അവിടെവെച്ച് ദഹിപ്പിച്ചു.
13 അവരുടെ അസ്ഥികളെ അവർ എടുത്ത് യാബേശിലെ പിചുല എന്ന് പേരുള്ള വൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴ് ദിവസം ഉപവസിച്ചു.