12
സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണ്മാനായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാൽക്കീഴിൽ ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ളൊരു കിരീടവും ഉണ്ടായിരുന്നു. അവൾ ഗർഭിണിയായി പ്രസവവേദനയാൽ നോവുകിട്ടി നിലവിളിച്ചു. സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കൂടി കാണപ്പെട്ടു: ഏഴ് തലയും പത്തു കൊമ്പും തലയിൽ ഏഴ് കിരീടവും ഉള്ളതായി വലിയ ഒരു ചുവന്ന മഹാസർപ്പം. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിക്കുമ്പോൾ അവളുടെ ശിശുവിനെ വിഴുങ്ങിക്കളവാൻ സർപ്പം അവളുടെ മുമ്പിൽനിന്നു. അവൾ സകലജാതികളെയും ഇരുമ്പുകോൽ കൊണ്ട് ഭരിക്കുവാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; അവളുടെ ശിശു ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു. ആയിരത്തിരുന്നൂറ്ററുപത് ദിവസം അവളെ പോറ്റുന്നതിനായി മരുഭൂമിയിൽ അവൾക്കായി ദൈവം ഒരുക്കിയിരുന്നൊരു സ്ഥലത്തേയ്ക്ക് സ്ത്രീ ഓടിപ്പോകയും ചെയ്തു.
പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും* അവന്റെ ദൂതന്മാരും മഹാസർപ്പത്തിനെതിരെ പോരാടി; സർപ്പവും അവന്റെ ദൂതന്മാരും തിരിച്ച് പോരാടിയെങ്കിലും ജയിക്കുവാൻ കഴിഞ്ഞില്ല; സ്വർഗ്ഗത്തിൽ അവർക്ക് ഇടവും ഇല്ലാതായി. ലോകത്തെ മുഴുവനും ചതിക്കുന്ന സാത്താൻ എന്നും പിശാച് എന്നും വിളിക്കുന്ന പഴയ പാമ്പായ വലിയ സർപ്പത്തെ ഭൂമിയിലേക്കു പുറത്താക്കിക്കളഞ്ഞു; അവനെയും അവന്റെ ദൂതന്മാരെയും ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു. 10 അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം കേട്ടത്: ഇപ്പോൾ രക്ഷയും ശക്തിയും നമ്മുടെ ദൈവത്തിന്റെ രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും വന്നിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാവും പകലും ദൈവത്തിന്റെ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ താഴേക്ക് എറിഞ്ഞുകളഞ്ഞുവല്ലോ. 11 അവർ അവനെ കുഞ്ഞാടിന്റെ രക്തത്താലും അവരുടെ സാക്ഷ്യവചനത്താലും ജയിച്ചു; മരണത്തോളം അവരുടെ ജീവനെ അവർ സ്നേഹിച്ചതുമില്ല. 12 ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരും ആയുള്ളോരേ, ആനന്ദിപ്പിൻ; എന്നാൽ, അല്പസമയം മാത്രമേ തനിക്കുള്ളൂ എന്നറിഞ്ഞ് പിശാച് മഹാകോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് വന്നിരിക്കുന്നതുകൊണ്ട് ഭൂമിയിലും സമുദ്രത്തിലും വസിക്കുന്നവരേ, നിങ്ങൾക്ക് അയ്യോ കഷ്ടം.
13 തന്നെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു എന്നു സർപ്പം മനസ്സിലാക്കിയപ്പോൾ, അവൻ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്തുടർന്ന് ദ്രോഹിച്ചു. 14 എന്നാൽ മഹാസർപ്പത്തിന്റെ പിടിയിൽപ്പെടാതെ ഒരുകാലവും കാലങ്ങളും അരക്കാലവും സംരക്ഷിക്കപ്പെടുവാൻ മരുഭൂമിയിൽ അവൾക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് പരന്നുപോകേണ്ടതിന് കഴുകന്റെ വലിയ രണ്ട് ചിറകുകൾ അവൾക്ക് കൊടുത്തു. 15 സർപ്പം സ്ത്രീയെ വെള്ളപ്പൊക്കത്താൽ ഒഴുക്കിക്കളയേണ്ടതിന് തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു. 16 എന്നാൽ ഭൂമി സ്ത്രീയെ സഹായിച്ചു; മഹാസർപ്പം തന്റെ വായിൽനിന്നു പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്ന് വിഴുങ്ങിക്കളഞ്ഞു. 17 അപ്പോൾ സർപ്പം സ്ത്രീയോട് കോപിക്കുകയും ദൈവകല്പന അനുസരിക്കുന്നവരും യേശുക്രിസ്തുവിന്റെ സാക്ഷ്യം ഉള്ളവരുമായ അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുകയും ചെയ്തു. 18 പിന്നെ സർപ്പം കടൽപ്പുറത്തെ മണലിന്മേൽ നിന്നു.
* 12:7 മീഖായേല്‍-ദൈവത്തിന്‍റെ പ്രധാന ദൂതന്‍