32
1 യെഹിസ്കീയാവിന്റെ ഈവിധമായ വിശ്വസ്തപ്രവൃത്തികൾ പൂർത്തിയായപ്പോൾ അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദയിൽ കടന്നു; ഉറപ്പുള്ള പട്ടണങ്ങൾക്കെതിരെ പാളയമിറങ്ങി. അവ ജയിച്ചടക്കാം എന്ന് വിചാരിച്ചു.
2 സൻഹേരീബ് യെരൂശലേമിനെ ആക്രമിപ്പാൻ ഭാവിക്കുന്നു എന്ന് യെഹിസ്കീയാവ് കണ്ടിട്ട്
3 പട്ടണത്തിന് പുറത്തേക്ക് ഒഴുകുന്ന നീരുറവുകളിലെ വെള്ളം തടയേണ്ടതിന് തന്റെ പ്രഭുക്കന്മാരോടും യുദ്ധവീരന്മാരോടും ആലോചിച്ചു; അവർ അവനെ സഹായിച്ചു.
4 അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; “അശ്ശൂർരാജാക്കന്മാർ വന്ന് ധാരാളം വെള്ളം കാണുന്നത് എന്തിന്” എന്ന് പറഞ്ഞ് എല്ലാ ഉറവുകളും ദേശത്തിന്റെ നടുവിൽകൂടി ഒഴുകിയ തോടും അടച്ചുകളഞ്ഞു.
5 അവൻ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലുകൾ ഗോപുരങ്ങളോളം പണിതു. പുറത്ത് വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടുപാടുകൾ പോക്കി, നിരവധി ആയുധങ്ങളും പരിചകളും ഉണ്ടാക്കി.
6 അവൻ ജനത്തിന്മേൽ പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതില്‍ക്കലുള്ള വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി ധൈര്യപ്പെടുത്തി സംസാരിച്ചത്:
7 “ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോട് കൂടെയുള്ള പുരുഷാരത്തെയും കണ്ട് ഭയപ്പെടുകയോ ഭ്രമിക്കുകയോ ചെയ്യരുത്; അവനോടുകൂടെയുള്ളതിലും വലിയവൻ നമ്മോടുകൂടെ ഉണ്ട്.
8 അവനോടുകൂടെ മാനുഷ ഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമുക്കുവേണ്ടി യുദ്ധങ്ങൾ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്” എന്ന് പറഞ്ഞു; യെഹൂദാ രാജാവായ യെഹിസ്കീയാവിന്റെ വാക്കുകൾ ജനത്തെ ധൈര്യപ്പെടുത്തി.
9 അനന്തരം അശ്ശൂർ രാജാവായ സൻഹേരീബ് - അവനും അവന്റെ സൈന്യവും ലാഖീശ് പട്ടണം നിരോധിച്ചിരുന്നു - തന്റെ ദാസന്മാരെ യെഹൂദാ രാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകലയെഹൂദ്യരുടെയും അടുക്കൽ അയച്ച് പറയിച്ചത് എന്തെന്നാൽ:
10 “അശ്ശൂർ രാജാവായ സൻഹേരീബ് ഇപ്രകാരം പറയുന്നു: ‘യെരൂശലേം നഗരം നിരോധിക്കപ്പെട്ടിരിക്കെ നിങ്ങൾ എന്തൊന്നിൽ ആശ്രയിക്കുന്നു?
11 ‘നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്ന് വിടുവിക്കും’ എന്ന് പറഞ്ഞ് വിശപ്പും ദാഹവും കൊണ്ട് മരിക്കേണ്ടതിന് യെഹിസ്കീയാവ് നിങ്ങളെ വശീകരിക്കുന്നില്ലയോ?
12 അശൂർരാജാവിന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങൾ ഒരേ പീഠത്തിന് മുമ്പിൽ നമസ്കരിച്ച് അതിന്മേൽ ധൂപം കാട്ടണം എന്ന് കല്പിക്കയും ചെയ്തത് ഈ യെഹിസ്കീയാവ് തന്നെയല്ലെ?.
13 ഞാനും എന്റെ പിതാക്കന്മാരും മറ്റ് ദേശങ്ങളിലെ സകലജനതകളോടും എന്ത് ചെയ്തുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജനതകളുടെ ദേവന്മാർക്ക് തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞുവോ?
14 എന്റെ പിതാക്കന്മാർ ഉന്മൂലനാശം വരുത്തിയ ജനതകളുടെ ദേവന്മാരിൽ ഒരുവനും തന്റെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയുമോ?
15 ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കയും, വശീകരിക്കയും ചെയ്യരുത്; നിങ്ങൾ അവനെ വിശ്വസിക്കയും അരുത്; ഏതെങ്കിലും ജനതയുടെയോ രാജ്യത്തിന്റെയോ ദേവന് തന്റെ ജനത്തെ എന്റെയൊ, എന്റെ പിതാക്കന്മാരുടെയൊ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിക്കുന്നത് എങ്ങനെ?”
16 കൂടാതെ അവന്റെ ദാസന്മാർ യഹോവയായ ദൈവത്തിനും അവന്റെ ദാസനായ യെഹിസ്കീയാവിനും വിരോധമായി സംസാരിച്ചു.
17 “മറ്റു ദേശങ്ങളിലെ ജനതകളുടെ ദേവന്മാർ തങ്ങളുടെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിക്കയില്ല” എന്നിങ്ങനെ അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിച്ച് അവന് വിരോധമായി കത്തുകളും എഴുതി അയച്ചു.
18 പട്ടണം പിടിക്കേണ്ടതിന് അവർ യെരൂശലേമിൽ മതിലിന്മേൽ പാർത്ത ജനത്തെ പേടിപ്പിച്ച് ഭ്രമിപ്പിക്കുവാൻ യെഹൂദ്യഭാഷയിൽ അവരോട് ഉറച്ച ശബ്ബത്തിൽ വിളിച്ച്,
19 മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ച് സംസാരിച്ചു.
20 ഇതു നിമിത്തം യെഹിസ്കീയാ രാജാവും ആമോസിന്റെ മകനായ യെശയ്യാ പ്രവാചകനും പ്രാർത്ഥിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കി നിലവിളിച്ചു.
21 അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർരാജാവിന്റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതിനാൽ അവൻ ലജ്ജകൊണ്ട് മുഖം കുനിച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്റെ പുത്രന്മാരിൽ ചിലർ അവനെ അവിടെവെച്ച് വാൾകൊണ്ട് കൊന്നുകളഞ്ഞു.
22 ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേം നിവാസികളെയും അശ്ശൂർ രാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ച് അവർക്ക് ചുറ്റിലും വിശ്രമം നല്കി;
23 പലരും യെരൂശലേമിൽ യഹോവയ്ക്ക് കാഴ്ചകളും യെഹൂദാ രാജാവായ യെഹിസ്കീയാവിന് സമ്മാനങ്ങളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു.
24 ആ കാലത്ത് യെഹിസ്കീയാവിന് മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോട് പ്രാർത്ഥിച്ചു; അതിന് അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
25 എന്നാൽ യെഹിസ്കീയാവ് തനിക്ക് ലഭിച്ച ഉപകാരത്തിന് തക്കവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ട് അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും ദൈവകോപം ഉണ്ടായി.
26 എന്നാൽ തങ്ങളുടെ ഗർവ്വത്തെക്കുറിച്ച് യെഹിസ്കീയാവും യെരൂശലേം നിവാസികളും അനുതപിക്കയും തങ്ങളെത്തന്നെ താഴ്ത്തുകയും ചെയ്തു; അതുകൊണ്ട് യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്ത് അവരുടെ മേൽ വന്നില്ല.
27 യെഹിസ്കീയാവിന് വളരെയധികം ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്ന്, രത്നം, സുഗന്ധവർഗ്ഗം, പരിച സകലവിധ മനോഹരമായ ആഭരണങ്ങള്‍ എന്നിവയ്ക്കായി ഭണ്ഡാരഗൃഹങ്ങളും
28 ധാന്യം, വീഞ്ഞ്, എണ്ണ എന്നിവക്കായി സംഭരണ ശാലകളും, സകലവിധ മൃഗങ്ങൾക്കും ആട്ടിൻ കൂട്ടങ്ങൾക്കും തൊഴുത്തുകളും ഉണ്ടാക്കി.
29 ദൈവം അവന് വളരെ സമ്പത്ത് കൊടുത്തിരുന്നതു കൊണ്ട് അവൻ പട്ടണങ്ങളെയും ആടുമാടുകളെയും വളരെ സമ്പാദിച്ചു.
30 ഈ യെഹിസ്കീയാവ് തന്നെയത്രെ ഗീഹോൻ വെള്ളത്തിന്റെ മേലത്തെ ഒഴുക്ക് തടഞ്ഞ് ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് തുരങ്കത്തിലൂടെ താഴോട്ട് വരുത്തിയത്. അങ്ങനെ യെഹിസ്കീയാവ് തന്റെ സകലപ്രവർത്തികളിലും കൃതാർത്ഥനായിരുന്നു.
31 എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ച് ചോദിക്കേണ്ടതിന് ബാബേൽ പ്രഭുക്കന്മാർ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന് ദൈവം അവനെ വിട്ടുകൊടുത്തു.
32 യെഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ.
33 യെഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളുടെ മേൽ നിരയിൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്ത് എല്ലാ യെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.