22
യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ട് യെരിഹോവിന്റെ സമീപത്ത് യോർദ്ദാനക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി. യിസ്രായേൽ അമോര്യരോട് ചെയ്തതെല്ലാം സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞ്. ജനം വളരെയധികം ആയിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ നിമിത്തം മോവാബ് പരിഭ്രമിച്ചു. മോവാബ് മിദ്യാന്യമൂപ്പന്മാരോട്: “കാള വയലിലെ പുല്ല് നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും” എന്ന് പറഞ്ഞു. അക്കാലത്ത് മോവാബ്‌രാജാവ് സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു. അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിക്കുവാൻ, നദീതീരത്തുള്ള അവന്റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ വസിക്കുന്നു. നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കുകയാൽ ഒരുപക്ഷേ അവരെ തോല്പിച്ച് ദേശത്തുനിന്ന് ഓടിച്ചുകളയുവാൻ എനിക്ക് കഴിവുണ്ടാകുമായിരിക്കും; ‘നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഞാൻ അറിയുന്നു” എന്ന് പറയിച്ചു. മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്ന് ബാലാക്കിന്റെ വാക്കുകൾ അവനോട് പറഞ്ഞു. അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്ന് പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടി താമസിച്ചു. ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരാകുന്നു” എന്ന് ചോദിച്ചു. 10 ബിലെയാം ദൈവത്തോട്: “ഒരു ജനം ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കണം. 11 പക്ഷേ അവരോട് യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളയുവാൻ എനിക്ക് കഴിയും എന്നിങ്ങനെ മോവാബ്‌രാജാവ്, സിപ്പോരിന്റെ മകനായ ബാലാക്ക്, എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു” എന്ന് പറഞ്ഞു. 12 ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടി പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്ന് കല്പിച്ചു. 13 ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്: “നിങ്ങളുടെ ദേശത്തേക്ക് പോകുവിൻ; നിങ്ങളോടുകൂടി പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല” എന്ന് പറഞ്ഞു. 14 മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ട് ബാലാക്കിന്റെ അടുക്കൽ ചെന്ന്; “ബിലെയാമിന് ഞങ്ങളോടുകൂടി വരുവാൻ മനസ്സില്ല” എന്ന് പറഞ്ഞു. 15 ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു. 16 അവർ ബിലെയാമിന്റെ അടുക്കൽവന്ന് അവനോട്: “എന്റെ അടുക്കൽ വരുന്നതിന് തടസ്സം ഒന്നും പറയരുതേ. 17 ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോട് പറയുന്നതെല്ലാം ഞാൻ ചെയ്യാം; എനിക്കുവേണ്ടി വന്ന് ഈ ജനത്തെ ശപിക്കണമേ എന്ന് സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു” എന്ന് പറഞ്ഞു. 18 ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല. 19 ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്ന് ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർക്കുവിൻ” എന്ന് ഉത്തരം പറഞ്ഞു. 20 രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്: “ഇവർ നിന്നെ വിളിക്കുവാൻ വന്നിരിക്കുന്നുവെങ്കിൽ അവരോടുകൂടി പോകുക; എന്നാൽ ഞാൻ നിന്നോട് കല്പിക്കുന്ന കാര്യം മാത്രം ചെയ്യുക” എന്ന് കല്പിച്ചു. 21 ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് കോപ്പിട്ട് മോവാബ്യപ്രഭുക്കന്മാരോടുകൂടി പോയി. 22 അവൻ പോകുന്നതുകൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന് എതിരാളിയായി നിന്നു; അവൻ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യുകയായിരുന്നു; അവന്റെ രണ്ട് ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു. 23 യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ട് വഴിയിൽ നില്ക്കുന്നത് കഴുത കണ്ട് വഴിയിൽനിന്ന് മാറി വയലിലേക്ക് പോയി; കഴുതയെ വഴിയിലേക്ക് തിരിക്കുന്നതിന് ബിലെയാം അതിനെ അടിച്ചു. 24 പിന്നെ യഹോവയുടെ ദൂതൻ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽനിന്നു. 25 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികിൽ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു. 26 പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു. 27 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴിൽ കിടന്നു; ബിലെയാമിന്റെ കോപം ജ്വലിച്ചു; അവൻ കഴുതയെ വടികൊണ്ട് അടിച്ചു. 28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്ന് പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു” എന്ന് ചോദിച്ചു. 29 ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്ന് പറഞ്ഞു. 30 കഴുത ബിലെയാമിനോട്: “ഞാൻ നിന്റെ കഴുതയല്ലയോ? ഇത്രയും കാലം എന്റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോട് പെരുമാറിയിട്ടുണ്ടോ?” എന്ന് ചോദിച്ചു; “ഇല്ല” എന്ന് അവൻ പറഞ്ഞു. 31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോട്: 32 “ഈ മൂന്ന് പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്ക് എതിരാളിയായി പുറപ്പെട്ടിരിക്കുന്നു: ‘നിന്റെ വഴി നാശകരം’ എന്ന് ഞാൻ കാണുന്നു. 33 കഴുത എന്നെ കണ്ട് ഈ മൂന്ന് പ്രാവശ്യം എന്റെ മുമ്പിൽനിന്ന് മാറിപ്പോയി; അത് മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുകയും അതിനെ ജീവനോടെ രക്ഷിക്കുകയും ചെയ്യുമായിരുന്നു” എന്ന് പറഞ്ഞു. 34 ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽനിന്നിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്ന് പറഞ്ഞു. 35 യഹോവയുടെ ദൂതൻ ബിലെയാമിനോട്: “ഇവരോടുകൂടെ പോകുക; എങ്കിലും ഞാൻ നിന്നോട് കല്പിക്കുന്ന വചനം മാത്രം പറയുക” എന്ന് പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടി പോകുകയും ചെയ്തു. 36 ബിലെയാം വരുന്നു എന്ന് ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു. 37 ബാലാക്ക് ബിലെയാമിനോട്: “ഞാൻ നിന്നെ വിളിക്കുവാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിക്കുവാൻ എനിക്ക് കഴിയുകയില്ലയോ” എന്ന് പറഞ്ഞതിന് ബിലെയാം ബാലാക്കിനോട്: 38 “ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറയുവാൻ എനിക്ക് കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കുകയുള്ളു” എന്ന് പറഞ്ഞു. 39 അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടി പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി. 40 ബാലാക്ക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടിയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു. 41 പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്ക്* കൂട്ടിക്കൊണ്ടുപോയി; അവിടെനിന്ന് അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.
* 22:41 ബാമോത്ത്-ബാലിലേക്ക് ബാല്‍ വിഗ്രഹങ്ങളുടെ കുന്നിലേക്ക്