5
“ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവൻ ഉണ്ടോ? അങ്ങനെ ഒരു മനുഷ്യനെ കാണുമോ എന്ന് യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കുകയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറിയുകയും ചെയ്യുവിൻ; കണ്ടു എങ്കിൽ ഞാൻ അതിനോട് ക്ഷമിക്കും. ‘യഹോവയാണ’ എന്നു പറഞ്ഞാലും അവർ കപടമായിട്ടാണ് സത്യം ചെയ്യുന്നത്. യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു”. അതുകൊണ്ട് ഞാൻ: “ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നെ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല. ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും” എന്നു പറഞ്ഞു; എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. അതുകൊണ്ട് കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽ നിന്ന് പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലയോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു. ഞാൻ നിന്നോട് ക്ഷമിക്കുന്നത് എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച്, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തുതന്നെ അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു. തിന്നുകൊഴുത്ത കുതിരകളെപ്പോലെ അവർ മദിച്ചുനടന്ന്, ഓരോരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനയ്ക്കുന്നു. ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനങ്ങളോട് ഞാൻ പകരം ചെയ്യാതിരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്. 10 “അതിന്റെ മുന്തിരി തോട്ടങ്ങളിന്മേല്‍ *കയറി നശിപ്പിക്കുവിൻ; എങ്കിലും മുടിച്ചുകളയരുത്; അതിന്റെ കൊമ്പുകളെ നീക്കിക്കളയുവിൻ; അവ യഹോവയ്ക്കുള്ളവയല്ലല്ലോ. 11 യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും എന്നോട് മഹാദ്രോഹം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. 12 അവർ യഹോവയെ നിഷേധിച്ചു പറഞ്ഞത്: “അത് അവനല്ല; നമുക്കു ദോഷം വരുകയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല”. 13 പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല; അവർക്ക് അങ്ങനെ തന്നെ സംഭവിക്കട്ടെ”. 14 അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വാക്കു പറഞ്ഞതുകൊണ്ട്, ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും, ഈ ജനത്തെ വിറകും ആക്കും; അവർ അതിന് ഇരയായിത്തീരും”. 15 “യിസ്രായേൽ ഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെനേരെ വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്: ‘അത് സ്ഥിരതയുള്ള ജനത; പുരാതനമായ ജനത; അവരുടെ ഭാഷ നിനക്ക് അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല 16 അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ. 17 നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ട നിന്റെ വിളവും ആഹാരവും അവർ ഭക്ഷിച്ചുതീർക്കും; അവർ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവർ നിന്റെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തിന്നും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും. 18 എന്നാൽ ആ നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളയുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്. 19 “നമ്മുടെ ദൈവമായ യഹോവ ഇപ്രകാരമെല്ലാം നമ്മളോടു ചെയ്യുവാൻ സംഗതി എന്ത്” എന്നു ചോദിക്കുമ്പോൾ നീ അവരോട്: “നിങ്ങളുടെ ജനങ്ങള്‍ എന്നെ ഉപേക്ഷിച്ച് നിങ്ങളുടെ ദേശത്ത് അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾ സ്വന്തമല്ലാത്ത ദേശത്ത് നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും” എന്ന് ഉത്തരം പറയണം.
20 നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ച് യെഹൂദയിൽ പ്രസിദ്ധമാക്കേണ്ടത്: 21 “കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതുകേൾക്കുവിൻ! 22 നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല. 23 ഈ ജനത്തിന് ശാഠ്യവും മത്സരവും ഉള്ള ഒരു ഹൃദയം ഉണ്ട്; അവർ ശാഠ്യത്തോടെ പോയിരിക്കുന്നു. 24 “മുന്മഴയും പിന്മഴയും നമുക്ക് അതത് സമയത്തു തരുകയും കൊയ്ത്തിനുള്ള കാലം നിയമിച്ചുതരുകയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക” എന്ന് അവർ ഹൃദയത്തിൽ പറയുന്നതുമില്ല. 25 “ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ തന്നെ ആകുന്നു കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു. 26 എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവച്ച് മനുഷ്യരെ പിടിക്കുന്നു. 27 കൂട്ടിൽ പക്ഷികൾ നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു. 28 അവർ പുഷ്ടിവച്ചു മിനുത്തിരിക്കുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്ക് ന്യായപാലനം ചെയ്യുന്നതുമില്ല. 29 ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്.
30 “വിസ്മയകരവും ഭയങ്കരവുമായുള്ളത് ദേശത്തു സംഭവിക്കുന്നു. 31 പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”.
* 5:10 തോട്ടങ്ങളിന്മേല്‍മതിലുകളിന്മേൽ 5:19 നിങ്ങളുടെ ജനങ്ങള്‍ നിങ്ങള്‍