23
1 “എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്ന് യഹോവയുടെ അരുളപ്പാട്.
2 അതുകൊണ്ട്, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ച് നിങ്ങളോടു ചോദിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
3 എന്റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ നീക്കിക്കളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച്, അവയുടെ പുല്പുറങ്ങളിലേക്ക് വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.
4 അവയെ മേയിക്കേണ്ടതിന് ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കുകയില്ല, ഭ്രമിക്കുകയില്ല, നഷ്ടപ്പെട്ടുപോകുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
5 “ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.
6 അവന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ സുരക്ഷിതരായി വസിക്കും; അവന് ‘യഹോവ നമ്മുടെ നീതി’ എന്നു പേര് പറയും” എന്ന് യഹോവയുടെ അരുളപ്പാട്.
7 “അതിനാൽ ‘യിസ്രായേൽ മക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന യഹോവയാണ’ എന്ന് ഇനി പറയാതെ,
8 ‘യിസ്രായേൽ ഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും; അവർ അവരുടെ സ്വന്തദേശത്തു വസിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്: “എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ എല്ലാം ഇളകുന്നു; യഹോവ നിമിത്തവും അവിടുത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനെപ്പോലെയും, വീഞ്ഞു കുടിച്ച് ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
10 ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചില്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ മാർഗ്ഗം ദോഷമുള്ളതും അവരുടെ ശക്തി ന്യായരഹിതവും ആകുന്നു.
11 പ്രവാചകനും പുരോഹിതനും ഒരുപോലെ മലിനരായിത്തീർന്നിരിക്കുന്നു; എന്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
12 “അതുകൊണ്ട് അവരുടെ വഴി അവർക്ക് വഴുവഴുപ്പുള്ളതായിരിക്കും; അവർ ഇരുട്ടിലേക്ക് തള്ളപ്പെടുകയും അവിടെ കാൽ തെറ്റി വീഴുകയും ചെയ്യും; ഞാൻ അവർക്ക് അനർത്ഥം, അവരുടെ സന്ദർശനകാലത്ത് തന്നെ, വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്.
13 “ശമര്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്തം കണ്ടിരിക്കുന്നു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച്, എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.
14 യെരൂശലേമിലെ പ്രവാചകന്മാരിൽ ഞാൻ ഭയാനകമായ കാര്യം കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്ത് വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാത്ത വിധം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്ക് സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറപോലെയും ആയിരിക്കുന്നു”.
15 “അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ കാഞ്ഞിരം തീറ്റിക്കുകയും നഞ്ചുവെള്ളം കുടിപ്പിക്കുകയും ചെയ്യും; യെരൂശലേമിലെ പ്രവാചകന്മാരിൽനിന്നല്ലയോ വഷളത്തം ദേശത്തെല്ലായിടവും വ്യാപിച്ചിരിക്കുന്നത്”.
16 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ അധരത്തിൽ നിന്നുള്ളതല്ല, സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്.
17 എന്നെ നിരസിക്കുന്നവരോട് അവർ: “നിങ്ങൾക്ക് സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു” എന്നു പറയുന്നു; സ്വന്തം ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടെല്ലാം: “നിങ്ങൾക്കൊരു ദോഷവും വരുകയില്ല” എന്നും പറയുന്നു.
18 യഹോവയുടെ വചനം ദർശിച്ചുകേൾക്കുവാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവനാര്? അവിടുത്തെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവനാര്?
19 യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, വലിയ ചുഴലിക്കാറ്റ് തന്നെ, പുറപ്പെട്ടിരിക്കുന്നു; അത് ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും.
20 തന്റെ ഹൃദയത്തിലെ വിചാരങ്ങൾ നിറവേറ്റുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അത് പൂർണ്ണമായി ഗ്രഹിക്കും.
21 ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.
22 അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ ജനത്തെ എന്റെ വചനങ്ങൾ അറിയിച്ച്, അവരെ അവരുടെ ദുഷ്ടവഴിയിൽനിന്നും, അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും പിൻതിരിപ്പിക്കുമായിരുന്നു.
23 ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവും അല്ലയോ?” എന്ന് യഹോവയുടെ അരുളപ്പാട്.
24 “ഞാൻ കാണാത്തവിധം ആർക്കെങ്കിലും രഹസ്യമായി ഒളിക്കുവാൻ കഴിയുമോ?” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
25 “ ‘ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്ക് ഞാൻ കേട്ടിരിക്കുന്നു.
26 സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി, വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാർക്ക് ഈ താത്പര്യം എത്രകാലം ഉണ്ടായിരിക്കും?
27 ബാല് നിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയുവാൻ ഇടയാകണമെന്ന് അവർ വിചാരിക്കുന്നു.
28 “സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും ഗോതമ്പും തമ്മിൽ എന്ത് പൊരുത്തം?” എന്ന് യഹോവയുടെ അരുളപ്പാട്.
29 “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
30 “അതുകൊണ്ട് എന്റെ വചനങ്ങൾ അന്യോന്യം മോഷ്ടിക്കുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
31 “തങ്ങളുടെ നാവുകൊണ്ട് ‘യഹോവയുടെ അരുളപ്പാട്’ എന്നു പറയുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
32 “വ്യാജസ്വപ്നങ്ങൾ പ്രവചിക്കുകയും അവയെ വിവരിച്ച് അവരുടെ വ്യാജവും ആത്മപ്രശംസയും കൊണ്ട് എന്റെ ജനത്തെ തെറ്റിച്ചുകളയുകയും ചെയ്യുന്നവർക്ക് ഞാൻ വിരോധമാകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
33 “ഈ ജനം ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാട്) എന്ത് എന്നു നിന്നോട് ചോദിക്കുന്നുവെങ്കിൽ, നീ അവരോട്: ‘നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്ന് യഹോവയുടെ അരുളപ്പാട്’ എന്നു പറയുക”.
34 “പ്രവാചകനോ പുരോഹിതനോ ജനമോ: ‘യഹോവയുടെ ഭാരം’ എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കും.
35 ‘യഹോവ എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു’ എന്നിങ്ങനെയാകുന്നു ഒരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും അവനവന്റെ സഹോദരനോടും ചോദിക്കേണ്ടത്.
36 ‘യഹോവയുടെ ഭാരം’ എന്ന് ഇനി പറയരുത്; അല്ലെങ്കിൽ അവനവന്റെ വാക്ക് അവനവന് ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
37 ‘യഹോവ നിന്നോട് എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു?’ എന്നിങ്ങനെയാകുന്നു പ്രവാചകനോടു ചോദിക്കേണ്ടത്.
38 ‘യഹോവയുടെ ഭാരം’ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ഭാരം എന്നു പറയരുത്’ എന്ന് ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ ‘യഹോവയുടെ ഭാരം’ എന്ന വാക്കു പറയുകകൊണ്ട്,
39 ഞാൻ നിങ്ങളെ എടുത്ത് നിങ്ങളെയും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽനിന്ന് എറിഞ്ഞുകളയും.
40 അങ്ങനെ ഞാൻ നിങ്ങൾക്ക് നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.