3
ഹബക്കൂക്കിന്‍റെ പ്രാര്‍ത്ഥന 
 
1 വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്‍റെ ഒരു പ്രാർത്ഥനാഗീതം.   
   
 
2 യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി;  
യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങേയുടെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ;  
ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ;  
ക്രോധത്തിൽ കരുണ ഓർക്കേണമേ.   
   
 
3 ദൈവം തേമാനിൽനിന്നും  
പരിശുദ്ധൻ പാരൻ പർവ്വതത്തിൽനിന്നും വരുന്നു. 
സേലാ. 
  
ദൈവത്തിന്‍റെ പ്രഭ ആകാശത്തെ മൂടുന്നു;  
ദൈവത്തിന്‍റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.   
4 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിവരുന്നു;  
കിരണങ്ങൾ ദൈവത്തിന്‍റെ അടുത്തുനിന്ന് പുറപ്പെടുന്നു;  
അവിടെ ദൈവത്തിന്‍റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.   
5 മഹാവ്യാധി ദൈവത്തിന്‍റെ മുമ്പിൽ നടക്കുന്നു;  
പകർച്ചവ്യാധി ദൈവത്തിന്‍റെ പിന്നാലെ ചെല്ലുന്നു.   
6 ദൈവം ഭൂമിയെ കുലുക്കുന്നു;  
ദൈവം നോക്കി ജനതകളെ ചിതറിക്കുന്നു;  
ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു;  
പുരാതനഗിരികൾ വണങ്ങി വീഴുന്നു;  
ദൈവം പുരാതന പാതകളിൽ നടക്കുന്നു.   
7 ഞാൻ കൂശാന്‍റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു;  
മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു.   
   
 
8 യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ?  
അങ്ങേയുടെ കോപം നദികളുടെ നേരെ വരുന്നുവോ?  
അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ  
അങ്ങേയുടെ ക്രോധം സമുദ്രത്തിന്‍റെ നേരെ ഉള്ളതോ?   
9 അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു.  
വചനത്തിന്‍റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. 
സേലാ. 
  
അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു.   
10 പർവ്വതങ്ങൾ അങ്ങയെ കണ്ടു വിറയ്ക്കുന്നു;  
വെള്ളത്തിന്‍റെ പ്രവാഹം കടന്നുപോകുന്നു;  
ആഴി ശബ്ദം പുറപ്പെടുവിക്കുന്നു;  
ഉയരത്തിലേക്ക് തിര ഉയർത്തുന്നു.   
11 അങ്ങേയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും  
മിന്നിപ്രകാശിക്കുന്ന കുന്തത്തിന്‍റെ ശോഭയിലും  
സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.   
   
 
12 ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു;  
കോപത്തോടെ ജനതകളെ മെതിക്കുന്നു.   
13 അങ്ങേയുടെ ജനത്തിന്‍റെയും  
അങ്ങേയുടെ അഭിഷിക്തന്‍റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു;  
അങ്ങ് ദുഷ്ടന്‍റെ വീടിന്‍റെ മുകൾഭാഗം തകർത്ത്,  
അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. 
സേലാ. 
   
14 അങ്ങ് അവന്‍റെ കുന്തങ്ങൾകൊണ്ട് അവന്‍റെ യോദ്ധാക്കളുടെ നായകന്മാരുടെ തല കുത്തിത്തുളക്കുന്നു;  
എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു;  
എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ  
അവർ ഉല്ലസിക്കുന്നു.   
15 അങ്ങേയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ,  
പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു.   
   
 
16 ഞാൻ കേട്ടു എന്‍റെ ഉദരം കുലുങ്ങിപ്പോയി,  
ആ ശബ്ദം കാരണം എന്‍റെ അധരം വിറച്ചു;  
അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ  
കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട്  
എന്‍റെ അസ്ഥികൾ ഉരുകി,  
ഞാൻ നിന്ന നിലയിൽ വിറച്ചുപോയി.   
17 അത്തിവൃക്ഷം തളിർക്കുകയില്ല;  
മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല;  
ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും;  
നിലങ്ങൾ ആഹാരം വിളയിക്കുകയില്ല;  
ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും;  
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല.   
18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;  
എന്‍റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.   
19 യഹോവയായ കർത്താവ് എന്‍റെ ബലം ആകുന്നു;  
കർത്താവ് എന്‍റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു;  
ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.  
   
 
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.