37
1 ബെസലേൽ ഖദിരമരംകൊണ്ട് പെട്ടകം ഉണ്ടാക്കി. അതിന് രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.
2 അതിന്റെ അകവും പുറവും പൊന്നുകൊണ്ട് പൊതിഞ്ഞു, അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
3 അതിന്റെ നാല് കാലിനും ഇപ്പുറത്ത് രണ്ട് വളയങ്ങൾ അപ്പുറത്ത് രണ്ട് വളയങ്ങൾ ഇങ്ങനെ നാല് പൊൻവളയങ്ങൾ വാർപ്പിച്ചു.
4 അവൻ ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
5 പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.
6 അവൻ തങ്കംകൊണ്ട് കൃപാസനം ഉണ്ടാക്കി; അതിന് രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
7 അവൻ പൊന്നുകൊണ്ട് രണ്ട് കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ട് അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
8 ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ട് അറ്റത്തും അതിൽനിന്ന് തന്നെ ഉള്ളവയായി ഉണ്ടാക്കി.
9 കെരൂബുകൾ മുകളിലേക്ക് ചിറക് വിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ആയിരുന്നു.
10 അവൻ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിന് രണ്ട് മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.
11 അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
12 അതിന് ചുറ്റും നാല് വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
13 അതിന് നാല് പൊൻവളയം വാർത്ത് നാല് കാലിന്റെയും ഓരോ പാർശ്വത്തിൽ തറച്ചു.
14 മേശ ചുമക്കേണ്ടതിന് തണ്ടുകൾ ഇടുവാൻ വളയങ്ങൾ ചട്ടത്തോട് ചേർന്നിരുന്നു.
15 മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
16 മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
17 അവൻ തങ്കംകൊണ്ട് നിലവിളക്ക് ഉണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരുന്നു.
18 നിലവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്ന് ശാഖകൾ, അതിന്റെ മറ്റെ വശത്ത് നിന്ന് മൂന്ന് ശാഖകൾ, ഇങ്ങനെ ആറ് ശാഖകൾ അതിന്റെ പാർശ്വങ്ങളിൽനിന്ന് പുറപ്പെട്ടു.
19 ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്ന് പുഷ്പപുടങ്ങളും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെട്ട ആറ് ശാഖകളിലും ഉണ്ടായിരുന്നു.
20 വിളക്കുതണ്ടിൽ മുട്ടുകളും പൂക്കളുമായി ബദാംപൂപോലെ നാല് പുഷ്പപുടങ്ങളും ഉണ്ടായിരുന്നു.
21 അതിൽനിന്നുള്ള രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള മറ്റെ രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, അതിൽനിന്നുള്ള ശേഷം രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും, ഇങ്ങനെ അതിൽനിന്ന് പുറപ്പെടുന്ന ആറ് ശാഖകളിലും ഉണ്ടായിരുന്നു.
22 മുട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരുന്നു; അത് മുഴുവനും തങ്കംകൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.
23 അവൻ അതിന്റെ ഏഴ് ദീപങ്ങളും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
24 ഒരു താലന്ത് തങ്കംകൊണ്ട് അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
25 അവൻ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ട് മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു.
26 അവൻ അതും അതിന്റെ മേല്പലകയും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിഞ്ഞു; അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
27 അത് ചുമക്കേണ്ടതിന് തണ്ട് ചെലുത്തുവാൻ വക്കിന് കീഴെ രണ്ട് പാർശ്വത്തിലുള്ള ഓരോ കോണിലും ഓരോ പൊൻവളയം ഉണ്ടാക്കി.
28 ഖദിരമരംകൊണ്ട് തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
29 അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.