21
1 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്ത് വയലിൽ ഒരുവനെ കൊന്നിട്ടിരിക്കുന്നത് കാണുകയും അവനെ കൊന്നവൻ ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ, നിന്റെ മൂപ്പന്മാരും
2 ന്യായധിപന്മാരും പുറത്ത് ചെന്ന് കൊല്ലപ്പെട്ടവന്റെ ചുറ്റുമുള്ള ഓരോ പട്ടണം വരെയുമുള്ള ദൂരം അളക്കണം.
3 കൊല്ലപ്പെട്ടവന് ഏറ്റവും അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം.
4 ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവെച്ച് അതിന്റെ കഴുത്ത് ഒടിച്ചുകളയണം.
5 പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്ക് ശുശ്രൂഷ ചെയ്യുവാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിക്കുവാനും തിരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കനുസരിച്ച് സകലവ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു.
6 കൊല്ലപ്പെട്ടവന്റെ അടുത്തുള്ള പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവച്ച് കഴുത്തൊടിച്ച പശുക്കിടാവിന്മേൽ അവരുടെ കൈ കഴുകി:
7 “ഞങ്ങളുടെ കൈകൾ ആ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ് അത് കണ്ടിട്ടുമില്ല.
8 യഹോവേ, നീ വീണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനോട് ക്ഷമിക്കണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിക്കുവാൻ ഇടവരുത്തരുതേ” എന്ന് പറയണം; എന്നാൽ ആ രക്തപാതകത്തിൽ നിന്ന് അവർ മോചിക്കപ്പെടും.
9 ഇങ്ങനെ യഹോവയ്ക്ക് ഹിതകരമായത് ചെയ്ത് കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയണം.
10 നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിട്ട് നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കുകയും നീ അവരെ ബദ്ധന്മാരായി പിടിക്കുകയും ചെയ്താൽ
11 ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ട് അവളെ ഭാര്യയായി എടുക്കുവാൻ ആഗ്രഹം തോന്നുന്നുവെങ്കിൽ,
12 നീ അവളെ വീട്ടിൽ കൊണ്ടുപോകണം; അവൾ തല മുണ്ഡനം ചെയ്ത്, നഖം വെട്ടി, ബദ്ധന്മാരുടെ വസ്ത്രം മാറി,
13 നിന്റെ വീട്ടിൽ വസിച്ച് ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ച് ദുഃഖിക്കയും ചെയ്തശേഷം, നീ അവളുടെ അടുക്കൽ ചെന്ന് അവൾക്ക് ഭർത്താവായും അവൾ നിനക്ക് ഭാര്യയായും ഇരിക്കണം.
14 എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കണം; അവളെ ഒരിക്കലും വിലയ്ക്ക് വില്ക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോട് ക്രൂരമായി ഇടപെടരുത്.
15 രണ്ടു ഭാര്യമാർ ഉള്ള ഒരുവൻ ഒരാളെ ഇഷ്ടപ്പെടുകയും മറ്റെ ഭാര്യയോട് ഇഷ്ടമില്ലാതിരിക്കുകയും, അവർ ഇരുവരും അവന് പുത്രന്മാരെ പ്രസവിക്കുകയും ചെയ്താൽ
16 അവൻ തന്റെ സ്വത്ത് പുത്രന്മാർക്ക് ഭാഗിച്ചു കൊടുക്കുമ്പോൾ, ആദ്യജാതൻ അനിഷ്ടയുടെ മകനാണെങ്കിൽ അവനു പകരം ഇഷ്ടമുള്ള ഭാര്യയുടെ മകന് ജ്യേഷ്ഠാവകാശം കൊടുക്കരുത്.
17 തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകന് കൊടുത്ത് അവനെ ആദ്യജാതനായി സ്വീകരിക്കണം; ആ മകൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു.
18 അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാൽ അനുസരിക്കാതെയുമിരിക്കുന്ന ശാഠ്യക്കാരനും മത്സരിയുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ
19 അമ്മയപ്പന്മാർ അവനെ പിടിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ കൊണ്ടുപോയി:
20 “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയും ഞങ്ങളുടെ വാക്ക് കേൾക്കാത്തവനും ഭക്ഷണപ്രിയനും മദ്യപനും ആകുന്നു” എന്ന് പട്ടണത്തിലെ മൂപ്പന്മാരോട് പറയണം.
21 പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞു കൊല്ലണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയണം; യിസ്രായേലെല്ലാം കേട്ട് ഭയപ്പെടണം.
22 ഒരുവൻ മരണയോഗ്യമായ ഒരു പാപംചെയ്തിട്ട് അവനെ ഒരു മരത്തിൽ തൂക്കി കൊന്നാൽ
23 അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും കിടക്കരുത്; അന്നുതന്നെ അത് കുഴിച്ചിടണം; മരത്തിന്മേൽ തൂങ്ങി മരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുത്.